TOPICS COVERED

ഒന്നിച്ചൊരു ജീവിതമെന്ന സ്വപ്നം വിടര്‍ന്നുതുടങ്ങും മുന്‍പേ മേഘ്നയെ തനിച്ചാക്കി ജിതിന്‍ യാത്രയായി. പ്രാണന്‍ പറിച്ചെടുത്ത വേദനയോടെയിരിക്കുന്ന ആ പെണ്‍കുട്ടിയെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് ഉറ്റവര്‍. വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമാകും മുന്‍പാണ് വിധി ജിതിന്‍റെയും മേഘ്നയുടെയും ജീവിതത്തില്‍ വാഹനാപടകത്തിന്‍റെ രൂപത്തില്‍ എത്തിയത്.

വയനാട് മൂടക്കൊല്ലി സ്വദേശിയാണ് ജിതിന്‍. മുപ്പത്തിമൂന്ന് വയസ്സായിരുന്നു പ്രായം. ഒക്ടോബര്‍ ആദ്യവാരമായിരുന്നു മേഘ്നയുമായുള്ള ജിതിന്‍റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു മേഘ്ന. ഇവിടെവച്ചാണ് ജിതിന്‍ മേഘ്നയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് സ്ഥിരമായി ഈ തുണിക്കടയില്‍ മേഘ്നയെ കാണാനെത്തുന്നത് പതിവായി. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും മേഘ്നയെ അറിയിച്ചു.

മേഘ്നയുടെ വീട്ടില്‍ നിന്ന് ഇരുവരുടെയും വിവാഹത്തിന് വലിയ സഹകരണമുണ്ടായില്ല. മാത്രമല്ല, തുടര്‍ന്ന് പഠിക്കാനായിരുന്നു താല്‍പര്യമെന്നും അതിനുള്ള സാഹചര്യങ്ങളില്ലായിരുന്നു എന്നും മേഘ്ന പറഞ്ഞതോടെ ജിതിന്‍ അതിനുള്ള വഴിയും കണ്ടെത്തി. കര്‍ണാടകയിലെ ഒരു കോളജില്‍ മേഘ്നയെ പഠനത്തിനയച്ചു. തന്നെ മനസ്സിലാക്കി കൂടെനില്‍ക്കുന്ന ഒരു തുണ തനിക്കൊപ്പമുണ്ടെന്ന ആശ്വാസത്തില്‍‌ മേഘ്ന ജീവിച്ചു തുടങ്ങുകയായിരുന്നു. അവര്‍ ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചത് ആ അപകടമാണ്.

ഒക്ടോബര്‍ 31ന് കര്‍ണാടക ചാമരാജനഗറില്‍ വച്ചാണ് ജിതിനും സംഘവും സഞ്ചരിച്ചിരുന്ന ഓമ്നി വാനിലേക്ക് മറ്റൊരു ഓമ്നി വാനിടിച്ച് അപകടമുണ്ടായത്. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന ഓമ്നി വാന്‍ ജിതിന്‍ ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ജിതിന്‍ മരണപ്പെട്ടു. പരുക്കുപറ്റിയ മൂന്നുപേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ജിതിന്‍റെ സംസ്കാരച്ചടങ്ങ്. 

നാടിനും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ജിതിന്‍ എന്ന കുട്ടായി. അപ്രതീക്ഷിത അപകട വാര്‍ത്ത എല്ലാവരെയും തളര്‍ത്തിക്കളഞ്ഞു. ഒരു സ്വകാര്യ ക്വാറിയിലെ ജോലിക്കാരനായിരുന്നു ജിതിന്‍. അച്ഛന്‍ ബാബുവും അമ്മ ശ്യാമളയുമാണ് വീട്ടിലുള്ളത്. സഹോദരി ശ്രുതി വിവാഹിതയാണ്.

ENGLISH SUMMARY:

A young Malayali man has died in an accident in Karnataka. Jithin, a resident of Mudakkolly in Wayanad, had just gotten married about a month ago.