ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് പുഴയില്‍ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം അടിമലൈ പുത്തൂര്‍ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിൻ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിലേക്ക് വീണ ലക്ഷ്മണനെ കണ്ടെത്താൻ സ്കൂബാ ടീം ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ലക്ഷ്മണന്റെ ഭാര്യ റാണി, റാണിയുടെ സഹോദരി വള്ളി ഭർത്താവ് ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. സേലത്തുനിന്ന് ശനിയാഴ്ചയാണ് ശുചീകരണ തൊഴിലാളികളായ നാലുപേരും എത്തിയത്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം റെയിൽവേ പ്രഖ്യാപിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെ കൊച്ചിൻ പാലത്തിലൂടെ തിരുവനന്തപുരത്തേക്കുപോയ കേരള എക്സ്പ്രസ്സ് നാലു പേരെയും ഇടിച്ചു വീഴ്ത്തിയത്. ലക്ഷ്മണന്റെ മൃതദേഹം ട്രാക്കിനും പാലത്തിനും ഇടയിൽനിന്നും റാണിയുടെയും വള്ളിയുടെയും മൃതദേഹം പാലത്തിനുതാഴെ മണൽത്തിട്ടയിൽനിന്നുമാണ് കണ്ടെത്തിയത്. ലക്ഷ്മണൻ, വള്ളി, റാണി എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ സേലത്തേയ്ക്ക് കൊണ്ടു പോവുന്നതിനാണ് ബന്ധുക്കളുടെ തീരുമാനം. ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ വൺവേ ട്രാക്കിലൂടെ വേഗത്തിലാണ് ട്രെയിൻ കടന്നുപോയത്.
അതേസമയം അപകടത്തില്‍ കരാറുകാരന് ഗുരുതര വീഴ്ചയെന്ന് റെയിൽവേ. ട്രാക്കിൽ ജോലി ചെയ്ത് മുൻപരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയതും അനുമതിയില്ലാത്ത സ്ഥലത്ത് മതിയായ സുരക്ഷാ കരുതലില്ലാതെ ജോലി ചെയ്തതുമാണ് അപകട കാരണമെന്ന് റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ട്. റെയിൽവേ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയിലാണ് കരാറുകാരന്റെ ഗുരുതര അലം ഭാവമാണ് മൂന്നുപേരുടെ ജീവനെടുക്കാൻ കാരണമായ അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. നാലുപേരും ആദ്യമായാണ് റെയിൽവേ ട്രാക്കിലെ ജോലിക്കെത്തുന്നത്. മതിയായ മുൻ പരിചയമുണ്ടായിരുന്നില്ല. വേഗ നിയന്ത്രണം പാലിക്കേണ്ടതില്ലാത്ത ട്രാക്കായതിനാൽ ലോക്കോ പൈലറ്റിനും പിഴവുണ്ടായിട്ടില്ലെന്ന് റെയിൽവേ പറയുന്നു. ഇതുവരെ കരാറുകാരനോ, റെയിൽവേ ഉദ്യോഗസ്ഥരോ അപകട വിവരം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ.