നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ചികില്‍സയിലുണ്ടായിരുന്ന യുവാവ് മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷാണ് മരിച്ചത്. ചികില്‍സയിലുണ്ടായിരുന്ന ഒരാള്‍ക്കും ഇന്നലെ ജീവന്‍ നഷ്ടമായിരുന്നു. അതിനിടെ കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യം കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി കെ.ടി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ നൽകുന്നതിന് മുമ്പേതന്നെ ജില്ലാ സെഷൻസ് കോടതി പ്രതികൾക്ക് കീഴ്ക്കോടതി അനുവദിച്ച ജാമ്യം സ്വമേധയാ റദ്ദാക്കുകയായിരുന്നു.
ഒക്ടോബര്‍ 28ന് രാത്രിയോടെയാണ് കാസർകോട് നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉല്‍സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചത്. കളിയാട്ടത്തിനിടെയാണ് തീപിടിത്തവും ഉഗ്രശബ്ദത്തോടെ സ്ഫോടനവുമുണ്ടായത്. അപകടത്തില്‍ 154 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക കണക്ക്. മൂന്നുപേരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെടിക്കെട്ട് നടത്താന്‍ അനുമതി തേടിയിരുന്നില്ലെന്ന് ജില്ലാ പൊലീസ് ഭരണകൂടം പിന്നീട് കണ്ടെത്തിയിരുന്നു.