‘പണി’ സിനിമയില്‍ റേപ് സീന്‍ ചിത്രീകരിച്ച രീതിയെ വിമര്‍ശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംവിധായകന്‍ ജോജു ജോർജിന് പൂര്‍ണ പിന്തുണയുമായി ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജി. സിനിമയിലെ റേപ്പ് സീനിനെ വിമര്‍ശിച്ച ആദർശ് പക്കാ കോൺഗ്രസുകാരനാണെന്നും, അയാളുടെ 99 ശതമാനം പോസ്റ്റുകളിലും ഇടത് പക്ഷത്തെ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് പോരാളി ഷാജിയുടെ വാദം.  

'ഇതൊരു വെറും സിനിമാ റിവ്യൂ മാത്രമാണെന്ന് കുറഞ്ഞ പക്ഷം ഇടത് പക്ഷക്കാരെങ്കിലും കരുതുന്നുണ്ട് എങ്കിൽ അത് പൂർണമായും തെറ്റാണ്.

ആദർശ് കോൺഗ്രസുകാരനും അവരുടെ സൈബർ പോരാളിയുമാണ്. അതയാളുടെ രാഷ്ട്രീയം. ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയമുണ്ടല്ലോ. പക്ഷേ ഇത് വിഷയം വേറെയാണ്.

രണ്ട് വർഷം മുൻപ് വഴിയിൽ പെട്ട് പോയ രോഗികളുടെ വാഹനങ്ങൾ കടത്തി വിടണം എന്നാവശ്യപ്പെട്ട് ജോജു ജോർജ് വൈറ്റിലയിൽ വെച്ച് എറണാകുളത്തെ തെരുവ് ഗുണ്ടയും ഡിസിസി പ്രസിഡന്റുമായ ഷിയാസിനോടും സംഘത്തോടും മുട്ടിയിരുന്നു. അന്ന് നോട്ടമിട്ടതാണ് കോൺഗ്രസിന്റെ സൈബർ സംഘം ഈ പറയുന്ന ജോജുവിനെ.

ആദർശ് വെറും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലിരുന്ന് വെറുമൊരു റിവ്യൂ മാത്രമല്ല നടത്തിയത്.. കണ്ണിൽ കണ്ട എല്ലാ സിനിമാ ഗ്രൂപ്പുകളിലും പോയി ഈ സിനിമയ്ക്ക് എതിരെ പോസ്റ്റിടുകയും സിനിമാ കാണരുത് എന്ന് കമെന്റ് ബോക്സിൽ വന്നവരെ പോലും ക്യാൻവാസ് ചെയ്യുകയും ചെയ്തു. അതയാളുടെ അവകാശമാവാം. പക്ഷേ അതൊരു രാഷ്ട്രീയം വെച്ചുള്ള ഹേറ്റ് ക്യാമ്പയിന്റെ ഭാഗം കൂടിയാണ് എന്നത് പലർക്കുമറിയില്ല..

മുൻപ് ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ, സജി നന്ത്യറ്റ് തുടങ്ങിയ ഒട്ടനേകം പേര് റിവ്യൂവിന്റെ പേരിൽ അങ്ങേയറ്റം മോശമായി സംസാരിച്ചിട്ടും സിനിമ കൊണ്ട് നൂറ് കണക്കിന് പേര് ജീവിക്കുന്നുണ്ട് എന്ന തൊടുന്യായം ഇവിടുത്തെ സമൂഹം ഉയർത്തിയിരുന്നു.. അത് ഇവിടെ ആവർത്തിക്കുന്നില്ല..

ജോജു കുറച്ച് കൂടെ സംയമനത്തിൽ ഇടപെടേണ്ടിയിരുന്നു എന്നും നല്ല സിനിമ എന്ന് തുടക്കം മുതൽ അഭിപ്രായമുയർന്നിട്ടും ഈ ചവര് റിവ്യൂമാരുടെ പിന്നാലെ പോകേണ്ടിയിരുന്നില്ല എന്നുമാണ് അഭിപ്രായം. വളരെ ചെറിയ ഈ വിഷയം ഇന്ന് വളരെ ഭയങ്കരമാന തോതിൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും മീഡിയയും ഏറ്റെടുക്കാൻ കാരണം ജോജുവിന് ഉണ്ടെന്ന് ഇവർ തന്നെ കണ്ടു പിടിച്ച ഇടത് അനുഭാവി എന്ന ധാരണ കൊണ്ടാണ്. അല്ലാതെ ഇതിത്ര വലിയ ആഗോള പ്രശ്നമല്ല.' –  പോരാളി ഷാജി കുറിച്ചു. 

ENGLISH SUMMARY:

Porali Shaji supports actor Joju George