എട്ടുവർഷം മുൻപ് നടന്ന കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ കോടതി വിട്ടയച്ചു. കൊല്ലം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. ബേസ് മൂവ്മെന്റിന്‍റെ പ്രവർത്തകരും തമിഴ്നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർ കുറ്റക്കാരെന്നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി . നാലാംപ്രതി ഷംസുദീനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന, കൊലപാതകശ്രമം, പരുക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്തു നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെയുളളത്. ശിക്ഷ നാളെ വിധിക്കും. ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ഗുജറാത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായിരുന്നു കൊല്ലത്തെ സ്ഫോടനം. 2016 ജൂൺ 15 ന് രാവിലെ 10.45 നാണ് കലക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പില്‍ സ്ഫോടനം നടന്നത്. തമിഴ്നാട്ടിൽ ബസ്സിൽ കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി കളക്ടറേറ്റ് വളപ്പിലെത്തി ബോംബ് വയ്ക്കുകയായിരുന്നു.
തൊഴില്‍ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. സമാനമായി സ്ഫോടനം നടത്തിയ മൈസുരു കോടതി വളപ്പിലെ കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ പ്രതികളെ കുടുക്കിയത്.