election-commission-3

പാലക്കാട് വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റി. കല്‍പാത്തി രഥോല്‍സവം പരിഗണിച്ചാണ് മാറ്റം. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന തീയതി. പഞ്ചാബിലെയും ഉത്തര്‍ പ്രദേശിലെയും ഉപതിരഞ്ഞെടുപ്പുകളും മാറ്റിയിട്ടുണ്ട്. 

 

തിരഞ്ഞെടുപ്പ് മാറ്റിയതിനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു .  ബിജെപിയുടെ നിവേദനം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റാന്‍  തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തതെന്ന് സംസ്ഥാന അധ്യക്ഷന്‍  കെ.സുരേന്ദ്രന്‍ പറ‍ഞ്ഞു. ഇതുവഴി കല്‍പാത്തി മേഖലയിലെ വോട്ടര്‍മാര്‍ക്ക് സുഗമമായി വോട്ടു ചെയ്യുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു .  തിരഞ്ഞെടുപ്പ് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു . കല്‍പാത്തി രഥോല്‍സവ ദിവസം തിരഞ്ഞെടുപ്പ് അസൗകര്യമാണെന്ന് ചൂണ്ടിക്കാട്ടി  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നെന്നും  രാഹുല്‍ മാങ്കൂട്ടം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റം നേരത്തെയാകാമായിരുന്നെന്ന് സി.പി.എം. എല്‍.ഡി.എഫും ഇത് ആവശ്യപ്പെട്ടതാണെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇപ്പോഴാണോ തിര. കമ്മിഷന് വെളിവുണ്ടായത്? . ഇതിന്‍റെ പേരില്‍ മുതലെടുപ്പിനുള്ള ബിജെപി ശ്രമം പരിഹാസ്യമെന്നും എം.ബി.രാജേഷ് പറഞ്ഞു.

ENGLISH SUMMARY:

Palakkad polls postponed to November 20