കെ റെയില്‍ വിരുദ്ധ പ്രതിഷേധത്തില്‍ സര്‍വേ കല്ല് പിഴുതെടുക്കുന്ന സമരക്കാര്‍.

TOPICS COVERED

സിൽവർലൈൻ പദ്ധതിയുമായി സർക്കാരുകൾ മുന്നോട്ട് പോകാനൊരുങ്ങുന്ന സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി.  കേന്ദ്രം നിലപാട് മയപ്പെടുത്തിയതിന് കാരണം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അന്തർധാരയാണെന്നും സമിതി ആരോപിച്ചു.

സിൽവർലൈൻ പദ്ധതിയുടെ സർവേ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും പരിസ്‌ഥിതി താൽപര്യത്തോടെയുള്ള കേന്ദ്രനിലപാടിലായിരുന്നു സിൽവർലൈൻ വിരുദ്ധ സമരസമിതിയുടെ പ്രതീക്ഷ. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്‍റെ ഇന്നലത്തെ പ്രതികരണത്തോടെ ഈ പ്രതീക്ഷ പൂർണമായും മങ്ങി. 

കഴിഞ്ഞ ആഗസ്റ്റ‌ിൽ സിൽവർലൈനിനെതിരായ ഭീമഹർജി നേരിട്ടെത്തി സമർപ്പിച്ചപ്പോഴും അതിന് പിന്നിലെ പരിശ്രമത്തെ അഭിനന്ദിച്ച മന്ത്രിയുടെ പെട്ടെന്നുള്ള നിലപാട് മാറ്റം വൻകിട കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാനെന്നാണ് സിൽവർലൈൻ വിരുദ്ധ സമരസമിതിയുടെ വിലയിരുത്തൽ. പാരിസ്‌ഥിതിക പ്രശ്‌നങ്ങൾ പഠിക്കാതെ തയ്യാറാക്കിയ ഡിപിആറിലെ സാങ്കേതിക പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നാണ് മന്ത്രി പറയുന്നതെന്നും സമിതി ചോദിക്കുന്നു.

സർക്കാർ നിലപാടിനെതിരെ അടുത്ത ബുധനാഴ്ച്ച എറണാകുളത്ത് വലിയ പ്രതിഷേധപരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിൽവർലൈൻ വിരുദ്ധ സമരസമിതി. സിൽവർലൈനിനെ ചൊല്ലിയുണ്ടാകുന്ന രാഷ്ട്രീയ വിവാദം ഉപതിരഞ്ഞെടുപ്പിൽ ഏതുതരത്തിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയപാർട്ടികൾ ഉറ്റുനോക്കുന്നത്. അതേസമയം വിഷയത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിൽവർലൈൻ സമരസമിതി.

ENGLISH SUMMARY:

Anti K Rail Committe plans to intensify protest over Silverline project.