• സില്‍വര്‍ ലൈന്‍: DPRല്‍ നേരിയ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും
  • ദക്ഷിണ റയില്‍വേ ഉന്നതരോട് കേന്ദ്ര റയില്‍വേ മന്ത്രി ആശയവിനിമയം നടത്തി
  • കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഉചിതമായി പരിഗണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

സില്‍വര്‍ ലൈന്‍ യഥാര്‍ഥ്യമാക്കാന്‍ ഡിപിആറില്‍ നേരിയ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും. ഡിപിആറില്‍ ചിലമാറ്റങ്ങള്‍ വേണമെന്ന് ദക്ഷിണറയില്‍വേ ഉന്നതരോട് കേന്ദ്രറയില്‍വേ മന്ത്രി ആശയവിനിമയം നടത്തി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ ഉചിതമായി പരിഗണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാരിസ്ഥിതിക - സാങ്കേതിക കാര്യങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പരിഗണിക്കാവുന്നതാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് സില്‍വര്‍ ലൈന്‍ പ്രതീക്ഷികള്‍ വീണ്ടും ചിറക് മുളച്ചത്.

സില്‍വര്‍ യഥാര്‍ഥ്യമാക്കാന്‍ ഇനിയെന്ത് എന്ന കേന്ദ്രറയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം കാക്കുകയാണ് സംസ്ഥാനം. സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ നിലവിലെ ഡിപിആറില്‍ ചിലമാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്ന് റയില്‍വേമന്ത്രാലത്തില്‍ ചര്‍ച്ചകള്‍ നടന്നതായി സംസ്ഥാനത്തിന് വിവരം ലഭിച്ചു. കേന്ദ്ര റയില്‍വേ മന്ത്രിയും ദക്ഷിണ റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആശയവിനിമയം നടത്തിയത്. ഇക്കാര്യം കേന്ദ്രറയില്‍വേ മന്ത്രാലയം ദക്ഷിണറയില്‍വേയുമായി ആശയവിനിമയം നടത്തിയ ശേഷം കേരളത്തെ അറിയിക്കുമെന്നാണ് പദ്ധതി നടത്തിപ്പുകാരായ കെ റയിലിന്റെ പ്രതീക്ഷ. നിലവിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ പറയില്ലെന്നാണ് സൂചന. 

എന്നാല്‍  റയില്‍വേയുടെ സ്ഥലത്തിന്റെ കൂടെയുള്ള ഭൂമി ഉപയോഗിക്കാന്‍ തടസമുണ്ടെങ്കില്‍ ആ പ്രദേശങ്ങളില്‍ അലൈന്‍മെന്റ് മറ്റേണ്ടി വരും. എന്നാലും തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ അലൈന്‍മെന്റില്‍ മാറ്റം വന്നേക്കില്ല. സ്റ്റാന്‍ഡേഡ് ഗേജില്‍ നിന്നും ബ്രോഡ്‌ഗേജാക്കി മാറ്റാനുള്ള നിര്‍ദശം വരുമോ എന്നും സംസ്ഥാനം കരുതുന്നുണ്ട്. 2020ല്‍ സമര്‍പ്പിച്ച ഡിപിആറില്‍ നാലു വര്‍ഷത്തിന് ശേഷം സ്വാഭാവികമായും മാറ്റം വരുത്തേണ്ടി വരുമെന്നാണ് കെ റയില്‍ ഉദ്യോഗസ്ഥരും സുചിപ്പിക്കുന്നത്. പദ്ധതി ചെലവില്‍ പ്രതിവര്‍ഷം അഞ്ചു ശതമാനം വര്‍ധന കണക്കാക്കിയാല്‍ 20 ശതമാനം പദ്ധതി ചെലവ് കൂടും. ഇക്കാര്യത്തിലെല്ലാം കേന്ദ്രറയില്‍വേ മന്ത്രാലയത്തിന്റെയോ ദക്ഷിണ റയില്‍വേയുടയോ ആശയവിനിമയത്തിനായി കാക്കുകയാണ് കേരളം. 

ENGLISH SUMMARY:

Railways with new terms on Silverline; Gauge and alignment changes may be suggested