waqf

ജനകീയപ്രക്ഷോഭം തുടരുന്നതിനിടെ മുനമ്പത്ത് കുടിയൊഴിപ്പിക്കാന്‍ നീക്കമില്ലെന്ന് വ്യക്തമാക്കി വഖഫ് ബോര്‍ഡ്. നിയമപ്രകാരമുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും സര്‍വകക്ഷിയോഗത്തില്‍ രേഖകള്‍ ഹാജരാക്കി ഇത് വ്യക്തമാക്കുമെന്നും ചെയര്‍മാന്‍ എം.കെ സക്കീര്‍ പ്രതികരിച്ചു. കേരളത്തില്‍ എത്ര വഖഫ് ഭൂമിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ രംഗതെത്തി.  

 

മുനമ്പത്തെ ഭൂപ്രശ്നം ചര്‍ചചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.  വിഷയം വര്‍ഗീയവത്കരിച്ച് വഖഫ് ബോര്‍ഡിനെ ഭീകരജീവിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചെയര്‍മാന്‍റെ പരാതി. ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഒരു പരിശോധനയും ഇടപെടലും നടത്തിയിട്ടില്ല. പന്ത്രണ്ട് പേര്‍ക്ക് നോട്ടീസയച്ചെങ്കിലും അവരുടെ ഭാഗംകൂടി കേട്ടശേഷമായിരിക്കും തീരുമാനമെന്നും ചെയര്‍മാന്‍ എം.കെ. സക്കീര്‍ വിശദീകരിച്ചു. 

രാജ്യത്ത് വഖഫ് ബോര്‍ഡ് വലിയ പ്രശ്നമെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി. ഏത് ഭൂമിയിലും വഖഫ് അവകാശം ഉന്നയിക്കുന്ന നിലയാണെന്നും കേരളത്തിലെ വഖഫ് ഭൂമിയുടെ യഥാര്‍ഥ കണക്കും ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.  വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലിരിക്കുന്ന തര്‍ക്ക വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സര്‍ക്കാരിന് എങ്ങനെ തീര്‍പ്പുണ്ടാക്കാനാകുമെന്നാണ് ചോദ്യം. 

ENGLISH SUMMARY:

The Waqf Board has clarified that there is no move to evict Munambat while the public agitation continues.