സില്‍വര്‍ലൈന്‍ നടപ്പാക്കാന് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട്. വിശദമായ പഠനം നടത്തിയെടുത്ത തീരുമാനമാണെന്നും പിന്നോട്ടില്ലെന്നും സതീശന്‍ പറഞ്ഞു. അരമണിക്കൂര്‍ ലാഭിക്കാനായി ഇതുപോലൊരു ദുരന്തം നമുക്ക് വേണ്ട എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തെ ശ്രീലങ്കയായി മാറ്റാനാണ് ശ്രമം. ഇതുപോലെ തട്ടിക്കൂട്ടിയ ഡി.പി.ആര്‍ വേറെ കണ്ടിട്ടില്ല. സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മഞ്ഞ കുറ്റികൾ സ്ഥാപിച്ചത് സർവേ നടപടികളുടെ ഭാഗമായി ആണെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. സിൽവർ ലൈൻ പദ്ധതിയോട് കേന്ദ്രസർക്കാർ അനുകൂലമായ സമീപനമാണ് കാട്ടുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പൊകാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ വി തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
പാരിസ്ഥിതിക - സാങ്കേതിക കാര്യങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പരിഗണിക്കാവുന്നതാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് സില്‍വര്‍ ലൈന്‍ പ്രതീക്ഷികള്‍ വീണ്ടും ചിറക് മുളച്ചത്. സില്‍വര്‍ ലൈന്‍ യഥാര്‍ത്ഥ്യമാക്കാന്‍ ഡിപിആറില്‍ നേരിയ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും. ഡിപിആറില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് ദക്ഷിണ റെയില്‍വേ ഉന്നതരോട്് കേന്ദ്രറയില്‍വേ മന്ത്രി ആശയവിനിമയം നടത്തി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ ഉചിതമായി പരിഗണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.