മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയാണ് എംടി വാസുദേവന്‍ നായരെന്ന് മുഖ്യമന്ത്രി. കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എംടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നെന്നു മുഖ്യമന്ത്രി. ഭാഷയ്ക്കും സാഹിത്യത്തിനും എം.ടി നൽകിയ സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടും. എംടിയുടുത് മതനിരപേക്ഷ മനസ്. വലിയൊരു സാംസ്കാരിക മാതൃകയാണ് എംടിയുടെ ജീവിതം. മലയാളികളുടേയും സർക്കാരിന്‍റെയും പേരിൽ അനുശോചനം അറിയിക്കുന്നുവെന്നും പിണറായി വിജയന്‍. ഗവര്‍ണര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ചു. 

മലയാളത്തിന്റെ നിറവിളക്കും പുണ്യവുമാണ് എംടി. സ്വന്തം ജീവിതം കൊണ്ട് കേരളത്തിന്റെ സാംസ്കാരിക ചരിത്രം തീർത്തു. രാജ്യത്തിൻറെ ഔന്ന്യത്യമായിരുന്നു എംടി വാസുവേദന്‍ നായരെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു. എംടി ഹൃദയ പക്ഷത്തിന്‍റെ അക്ഷരമുദ്രയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കഥകള്‍കൊണ്ട് മലയാളികളുടെ മനസുനിറച്ച ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് എംടിയെന്നും, പുന്നയൂര്‍ക്കുളത്ത് കളിച്ചുവളര്‍ന്ന എംടി, ചാവക്കാട് ബോര്‍ഡ് സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു എന്നത് തൃശൂര്‍ക്കാരന്‍ എന്ന നിലയില്‍ സ്വകാര്യ അഹങ്കാരമായാണ് മനസില്‍ സൂക്ഷിച്ചിരുന്നതെന്നും മന്ത്രി കെ രാജനും അനുശോചിച്ചു. മലയാളം ഉള്ളടത്തോളം എംടിക്ക് മരണമില്ലെന്ന് രമേശ് ചെന്നിത്തല. എം.ടി യുടെ മരണത്തോടെ  മലയാള സാഹിത്യത്തിന്‍റെ ഒരു യുഗം അവസാനിച്ചുവെന്ന്  വിഎസ് സുനില്‍ കുമാര്‍.

കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്തുമണിക്കായിരുന്നു എംടി വാസുദേവന്‍ നായരുടെ അന്ത്യം. വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ ശ്വാസതടസത്തെത്തുടര്‍ന്ന് പതിനഞ്ചാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി, പിന്നാലെ ഹൃദയാഘാതവുമുണ്ടാകുകയായിരുന്നു. മലയാളത്തിന്റെ ഖ്യാതി അതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി.

സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. മൃതദേഹം അല്‍പസമയത്തിനകം വസതിയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനമില്ല. ഗവര്‍ണര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖരും എം.ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണമായിരിക്കും. മലയാളസാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിലെത്തിച്ച പ്രതിഭയാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ENGLISH SUMMARY:

The Governor, Chief Minister, and many prominent figures have paid tributes to M.T. Vasudevan Nair, hailing him as a literary legend who brought Malayalam literature global recognition.