സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍. നിലവിലെ ഡിപിആര്‍ പ്രകാരം കുറച്ച് സ്ഥലം ഏറ്റെടുത്താല്‍ മതി. സില്‍വര്‍ ലൈനിന് ഭൂമി വിട്ടുനല്‍കിയവരെ സംരക്ഷിക്കുമെന്നും പദ്ധതിക്ക് വേണ്ട പിന്തുണ നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ യഥാര്‍ഥ്യമാക്കാന്‍ ഡിപിആറില്‍ നേരിയ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനത്തോട് റെയില്‍വേ ആവശ്യപ്പെട്ടേക്കും. ഡിപിആറില്‍ ചിലമാറ്റങ്ങള്‍ വേണമെന്ന് ദക്ഷിണറയില്‍വേ ഉന്നതരോട് കേന്ദ്രറയില്‍വേ മന്ത്രി ആശയവിനിമയം നടത്തി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ ഉചിതമായി പരിഗണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാരിസ്ഥിതിക - സാങ്കേതിക കാര്യങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പരിഗണിക്കാവുന്നതാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് സില്‍വര്‍ ലൈന്‍ പ്രതീക്ഷികള്‍ വീണ്ടും ചിറക് മുളച്ചത്.