അപകടത്തില്‍ പരുക്കേറ്റ് ജീവനായി കേണ് വിവേക് റോഡില്‍ കിടന്നത് അരമണിക്കൂര്‍. ഈ സമയമത്രയും പൊലീസും ഒട്ടേറെ വഴിയാത്രക്കാരും കാഴ്ചക്കാരായി റോഡുവക്കില്‍ നിന്നു. തിരുവനന്തപുരത്താണ് ദാരുണസംഭവം. പെരുങ്കടവിള കുററിയാനിക്കാട് സ്വദേശി 23കാരന്‍ വിവേകാണ് ഞായറാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത്. വിവേകിന്‍റെ ബൈക്ക് മഴയില്‍ കുതിര്‍ന്ന റോഡില്‍ തെന്നി പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം.
അപകടത്തിനു ശേഷമുണ്ടായ അനാസ്ഥയ്ക്ക് സിസിടിവി ദൃശ്യങ്ങളാണ് സാക്ഷി. അപകടം നടക്കുന്നത് മലവിള പാലത്തിനു സമീപം 12.40 ന് തുടര്‍ന്ന് ബൈക്കും ഓട്ടോയും കാറും സ്ഥലത്തെത്തുന്നത് ദൃശ്യങ്ങളിലുണ്ട്. പൊലീസുകാരേയും നാട്ടുകാരേയും കാണാം. പക്ഷേ ആംബുലന്‍സ് എത്തുന്നത് അര മണിക്കൂറിനു ശേഷം. 108 ല്‍ വിളിച്ചെന്നും സമരം കാരണം ആംബുലന്‍സ് സര്‍വീസ് ഇല്ലെന്നായിരുന്നു മറുപടിയെന്നും സ്ഥലത്തെത്തിയ പൊലീസുകാര്‍ വിശദീകരിക്കുന്നു.
തൊട്ടടുത്ത് സ്വകാര്യ ആശുപത്രിയിലേയ്ക്ക് അരകിലോമീറ്റര്‍ മാത്രമായിരുന്നു ദൂരം. ആംബുലന്‍സില്‍ ഇതേ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും അഞ്ചരയോടെ വിവേക് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം.