congress-leaders-reaction-o

പാലക്കാടെ ഹോട്ടലില്‍ പരിശോധനയ്ക്ക് പിന്നാലെ കണ്ടത് സി.പി.എം– ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പില്‍ എം.പി. അര്‍ധരാത്രി പുരുഷപൊലീസ് വനിതാ നേതാക്കളുടെ മുറിയില്‍ കയറി. ചോദിച്ചപ്പോള്‍ നിങ്ങളുടെ ഭര്‍ത്താവും ഉണ്ടല്ലോ എന്ന് മറുപടി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ എന്ത് നടപടിയെടുക്കുമെന്ന് അറിയണമെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസുകാരുടെ റൂമുകളിൽ മാത്രം പരിശോധന നടത്തിയാൽ മതിയോയെന്ന് ഷാഫി ചോദിച്ചു. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഇവിടെയാണ് താമസിക്കുന്നതെന്നും ഇവിടെയുണ്ടായിരുന്ന പല സിപിഐഎം നേതാക്കളോടും സംസാരിച്ചിട്ടാണ് ഇറങ്ങിപ്പോയതെന്ന് ഷാഫി പറഞ്ഞു. 

 

രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് പരിശോധന. പാലക്കാട്ടെ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പരിശോധനയെ നിയമപരമായി നേരിടുമെന്ന് വികെ ശ്രീകണ്ഠൻ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനം ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആദ്യം പരിശോധിക്കേണ്ടിരുന്നത് ഹോട്ടൽ രജിസ്റ്റർ ആയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമായിരുന്നു. മുൻകൂട്ടി തയാറാക്കിയ തിരക്കഥയോടെയാണ് പൊലീസ് ഹോട്ടലിൽ എത്തിയതെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.സിപിഐഎമ്മിന്റെയും ബി‍ജെപിയുടെയും ഓഫീസിൽ നിന്നാണ് രഹസ്യ വിവരം ലഭിച്ചതെന്ന് വികെ ശ്രീകണ്ഠൻ‌ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് വ്യക്തമായ മറുപടി പാലക്കാട്ടെ ജനങ്ങൾ നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കൈരളി റിപ്പോര്‍ട്ടറുടെ വ്യാജവാര്‍ത്തയില്‍ പിറവിയെടുത്ത നാടകമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി ആരോപിച്ചു. ഇന്ന് 11 മണിക്ക് പാലക്കാട് എസ്.പി ഓഫിസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തുമെന്നും നേതാക്കന്മാര്‍ പറഞ്ഞു.

ENGLISH SUMMARY:

Congress leaders reaction on Palakkad hotel raid