പാലക്കാട് യുഡിഎഫ് നേതാക്കളുടെ മുറികളിലെ പരിശോധനയ്ക്ക് പിന്നാലെ ഫെയ്സ്ബുക്ക് ലൈവുമായി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോഴിക്കോട് നിന്നുമാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് ലൈവ്. പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽഡിഎഫ് പരാതിക്ക് പിന്നാലെയാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. രാഹുല്‍ എവിടെയെന്ന് ചോദ്യവുമായി ബിജെപി സ്ഥാനാര്‍ഥി ഹോട്ടലില്‍ എത്തി. 

ഇത്രയും പ്രശ്‌നമുണ്ടായിട്ടും രാഹുല്‍ ഇവിടേക്ക് എത്താത്തത് എന്തുകൊണ്ടാണെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റോഷന് മുന്നില്‍ നിന്നും രാഹുല്‍ ലൈവില്‍ എത്തിയത്. സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് ആരോപണവും രാഹുല്‍ ഉന്നയിച്ചു. കാന്തപുരം അബൂബക്കർ മുസ്‌ലിയാറെ കാണാനാണ് കോഴിക്കോട് എത്തിയതെന്നും രാഹുല്‍ വിശദീകരിച്ചു.

 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണയുടെ മുറിയില്‍ ആദ്യം പരിശോധന നടത്തി. പിന്നാലെ ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക് എത്തി. എന്നാൽ വനിത പൊലീസ് ഇല്ലാതെ പരിശോധന അനുവദിക്കില്ലെന്നു ഷാനിമോൾ ഉസ്‍മാൻ നിലപാടെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് മുറിയിലേക്ക് ഇടിച്ചുകയറിയെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ പൊലീസിനെതിരേ തിരിഞ്ഞത്. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് എഴുതിനല്‍കി. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സി.പി.എമ്മിന്റെ തിരക്കഥയാണിതെന്നും എല്ലാ മുറികളിലും പണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കണ്ടെത്തിയോയെന്ന കാര്യം പൊലീസ് എഴുതിനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടരുകയാണ്. അതിനിടെ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.