pp-divya-custody

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം. പാർട്ടി പദവികളിൽ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ദിവ്യയെ നീക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു. 

സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം നടപടി വന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂർ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ പത്തനംതിട്ട സിപിഎം ഘടകം ദിവ്യയ്ക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിവ്യയുടെ നിലപാട്.

ENGLISH SUMMARY:

CPM state secretariat has given permission to the Kannur district committee to take action against Divya