TOPICS COVERED

കോടതി നടപടികളുടെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങളുടെ ഭരണഘടനാപരമായ അവകാശം കോടതിവിധികളിലൂടെ നിയന്ത്രിക്കാനാവില്ല. അതേസമയം, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം വ്യക്തികൾക്ക് ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, കൗസർ എടപ്പഗത്ത്, മുഹമ്മദ് നിയാസ്, സി.എസ്.സുധ, വി.എം. ശ്യാംകുമാർ എന്നിവരുടെ വിശാലഞ്ചിന്റേതാണ് നിർണായക ഉത്തരവ്. കോടതി റിപ്പോർട്ടിങ്ങിനുള്ള മാധ്യമങ്ങളുടെ അവകാശം ഭരണഘടനാപരമാണെന്നും, അത് ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നതടക്കമുള്ള ഒരു കൂട്ടം ഹർജികൾ തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാധ്യമങ്ങൾ അല്ല, കോടതികളാണ്. ആരെയെങ്കിലും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം. വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പ് കൽപ്പിച്ചാൽ ഭരണഘടനാപരമായി നൽകുന്ന പരിരക്ഷ ലഭിക്കില്ല. ഇത്തരം ഘട്ടങ്ങളിൽ ആവലാതിക്കാരന് ഭരണഘടന കോടതിയെ സമീപിച്ച് പരിഹാരം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

ENGLISH SUMMARY:

High Court says media cannot be banned from court reporting