പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഒളിച്ചുകളിച്ച് സര്‍ക്കാര്‍ . മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷനു അനുമതി നല്‍കാതെയാണ് സര്‍ക്കാരിന്‍റെ ഒളിച്ചുകളി. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായിരുന്ന വിഷയത്തില്‍ മൂന്നു വര്‍ഷം മുന്‍പാണ് പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചത്.
2021 ലെ മുഖ്യപ്രചാരണ വിഷയമായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയ പാലാരിവട്ടം പാലം അഴിമതിക്കേസിലാണ് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തിലെ സര്‍ക്കാരിന്‍റെ ഒളിച്ചുകളി. പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്തതു കാരണം അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിനു ഇതുവരെയും കഴിഞ്ഞില്ല. മൂന്നു വര്‍ഷം മുന്‍പാണ് കേസില്‍ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയത്. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെക്കൂടാതെ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, ആര്‍ബിഡിസികെ മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് എന്നിവര്‍ ഉള്‍പ്പെടെ 13 പേരാണ് കേസിലെ പ്രതികള്‍. വി.കെ.ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. വി.കെ.ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരെ അനുമതി തേടി സംസ്ഥാന സര്‍ക്കാരിനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അനുമതിക്കായി കേന്ദ്രസര്‍ക്കാരിനുമാണ് കത്ത് നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയും ഇതുവരെ കിട്ടിയിട്ടില്ല. ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കേസില്‍ പ്രതികളാണെങ്കില്‍ വിചാരണക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. അഴിമതി, ഗൂഡാലോചന, ഫണ്ട് ദുരുപയോഗം എന്നിവയാണ് കുറ്റങ്ങള്‍. ഉദ്ഘാടനം ചെയ്തു രണ്ടു വര്‍ഷം തികയുംമുന്‍പേ പാലത്തില്‍ വിള്ളലുകള്‍ രൂപപ്പെടുകയും പിന്നീട് പുതുക്കി പണിയുകയുമായിരുന്നു