സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം. പുലിമുട്ട് നിര്‍മാണത്തിനായി കൊണ്ടുവരുന്ന കരിങ്കല്ലുകളുടെ തൂക്കത്തില്‍ തട്ടിപ്പ് നടത്തിയാണ് കോടികള്‍ തട്ടുന്നത്. തൂക്കം രേഖപ്പെടുത്തുന്ന ട്രിപ്സ് സോഫ്റ്റ്‌വെയര്‍ വഴിയാണ് ക്രമക്കേട്. സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്ന ഭാരം മാന്വലായി എഡിറ്റ് ചെയ്യാന്‍ കഴിയുമെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
കേരളത്തിന്‍റെ തീര സംരക്ഷണത്തിനും തുറമുഖ നിര്‍മാണങ്ങള്‍ക്കുമായി അഞ്ഞൂറിലധികം കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതില്‍ പുലിമുട്ട് നിര്‍മാണത്തിന് മാത്രമായി ഇതിനകം 400 കോടിയോളം ചെലവിട്ടു. ഇതിലാണ് കോടികളുടെ തിരിമറി ആരോപിക്കപ്പെടുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലെ ചീഫ് എഞ്ചിനീയറുടെ ഓഫീസിലെ മുന്‍ ജീവനക്കാരനാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിന്നും അടുത്തിടെ വിരമിച്ച ചീഫ് എഞ്ചിനീയര്‍ ഭാര പരിശോധനയ്ക്കായികൊണ്ടുവന്ന സോഫ്റ്റ്‌വെയറാണ് ട്രിപ്സ്. വേയ്ബ്രിജില്‍ സ്ഥാപിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഭാരം ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തപ്പെടും. ഇത് പിന്നീട് എഡിറ്റ് ചെയ്യാന്‍ കഴിയുമെന്ന് പരപ്പനങ്ങാടി തുറമുഖം, കൊല്ലം–താന്നി തീരസംരക്ഷണ പദ്ധതികള്‍ക്കായി സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചപ്പോള്‍ വ്യക്തമായി. ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടപ്പോള്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് െചയ്തു. എഡിറ്റിങ് ഒഴിവാക്കിയെന്ന് അറിയിച്ചു. എന്നാല്‍ അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയറിലും ഭാരം മാറ്റി എഴുതാനുള്ള ഓപ്ഷനുണ്ടെന്നും ഇതിലൂടെ ഭാരം കൂട്ടി എഴുതി കോടികള്‍ തട്ടിയെന്നും പരാതിക്കാരന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കി സത്യവാങ്മൂലത്തില്‍ പറയുന്നു.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന വിജിലന്‍സ്, 2023 ഒക്ടോബറില്‍ മാരാരിക്കുളം ചെത്തി ഫിഷിംഗ് ഹാര്‍ബറില്‍ നടത്തിയ പരിശോധനയില്‍ സോഫ്റ്റ്‌വെയര്‍ വഴി ഭാരം എഡിറ്റ് ചെയ്യാനാകുമെന്ന് തുടരുന്നുവെന്ന് കണ്ടെത്തി. ഇതോടെ വലിയൊരു അഴിമതിക്കുള്ള മറയാണ് സോഫ്റ്റ്‌വെയറെന്ന ജീവനക്കാരന്‍റെ ആരോപണം സാങ്കേതികമായി ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.