കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യ ജയില്‍ മോചിതയായി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ വലിയ ദുഃഖമുണ്ടെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിവ്യ പ്രതികരിച്ചു. ഉദ്യോഗസ്ഥരോട് സദുദ്ദേശ്യത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. നവീനിന്‍റെ കുടുംബത്തെപ്പോലെ സത്യം തെളിയണമെന്ന് ഞാനും ആഗ്രഹിക്കുന്നു. നിയമത്തില്‍ വിശ്വസിക്കുന്നു, നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് ദിവ്യ പ്രതികരിക്കുന്നത്.
മുൻകൂർ ജാമ്യം തള്ളിയ അതേ കോടതി തന്നെയാണ് പതിനൊന്നാം ദിവസം ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഒറ്റവാക്കിൽ ആയിരുന്നു വിധി പ്രസ്താവം. രണ്ടുപേരുടെ ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം നൽകിയത്. മൂന്ന് പ്രധാന കർശന ഉപാധികളും കോടതി മുൻപോട്ടു വച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുൻപാകെ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പുറത്തു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെയാണ് ഉപാധികൾ. ഏത് ഉപാധിയും സ്വീകരിക്കാമെന്നായിരുന്നു കോടതിക്കു മുമ്പിൽ ദിവ്യ പറഞ്ഞിരുന്നത്. ജാമ്യം ലഭിക്കില്ലെന്നായിരുന്നു പ്രതിഭാഗം ഉൾപ്പെടെ കരുതിയിരുന്നത്. കോടതിക്ക് മുമ്പിൽ വെച്ച കാര്യങ്ങൾ അംഗീകരിക്കപ്പെട്ടെന്നും നിയമ പോരാട്ടത്തിൽ പുതിയ മുഖം കൈവരുമെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകയും വ്യക്തമാക്കി. ഏതറ്റം വരെയും നിയമ പോരാട്ടം തുടരുമെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്. നിയമ പോരാട്ടത്തിൽ ദിവ്യയെ സംബന്ധിച്ച് നിർണായകമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്.