സർക്കാർ നിശ്ചയിച്ച ഹോട്ടലുകളിൽ യാത്രക്കാർ ഭക്ഷണം കഴിക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് കീശ നിറയും. ഓരോ ബസിനും നൂറു രൂപ വീതം ഹോട്ടലുകൾ കെ.എസ്.ആർ.ടി.സിക്ക് നൽകണം. ഹോട്ടലുകാർ നൽകുന്ന തുക കണ്ടക്ടർ കൈപ്പറ്റി ഡിപ്പോയിൽ അടയ്ക്കണം. ടിക്കേറ്റതര വരുമാനം ഉയർത്തുന്നതിന്‍റെ ഭാഗമായി തുക കണക്കാക്കും.
സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള ശുചിമുറിയും. ദീർഘദൂര യാത്രകളിൽ ഭക്ഷണം കഴിക്കാൻ നിർത്താൻ മികച്ച ഹോട്ടലുകൾ തിരഞ്ഞെടുത്തതിന്റെ ലക്ഷ്യം മന്ത്രി വിശദീകരിച്ചത് അങ്ങനെയാണ്. എന്നാൽ, അതിനപ്പുറം പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന ലാഭം. യാത്രക്കാരുമായി ഭക്ഷണം കഴിക്കാൻ എത്തുന്ന ബസിന്റെ കണ്ടക്ടറുടെ കൈവശം ഹോട്ടലുകൾ നൂറു രൂപ നൽകണമെന്നാണ് വ്യവസ്ഥ.
ജീവനക്കാർക്ക് സൗജന്യഭക്ഷണം നൽകുന്നതിന് പുറമേയാണ് ഹോട്ടലുകൾ നൽകേണ്ട രൂപ രൂപ. നൂറു രൂപ നൽകുന്നതിന് ഒരു റജിസ്റ്റർ ഹോട്ടലുകാർ സൂക്ഷിക്കണം. ഇതിൽ ഡ്രൈവറോ കണ്ടക്ടറോ ഒപ്പിട്ടു നൽകണം. അന്നന്നത്തെ ട്രിപ്പ് പൂർത്തിയാക്കി ടിക്കറ്റ് വരുമാനം അടയ്ക്കുമ്പോൾ ഹോട്ടലുകളിൽ നിന്ന് കൈപ്പറ്റിയ തുക പ്രത്യേക രസീതിൽ ഡിപ്പോയിൽ അടയ്ക്കണം. സ്വകാര്യ ഹോട്ടലുകളിൽ നിന്ന് പണം വാങ്ങുന്നതിനോട് ജീവനക്കാർക്ക് വിയോജിപ്പുണ്ടെങ്കിലും യൂണിയനുകൾ പരസ്യ എതിർപ്പുമായി രംഗത്തെത്തിയിട്ടില്ല.