വയനാട്ടിൽ മുണ്ടക്കൈ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം വിജിലന്‍സ് അന്വേഷിക്കും. മേപ്പാടിയില്‍ വിതരണം ചെയ്തത് സെപ്റ്റംബറില്‍ സന്നദ്ധസംഘടന നല്‍കിയ അരിയെന്ന് ഭക്ഷ്യകമ്മീഷന് എഡിഎം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓണത്തിനുമുമ്പ് നല്‍കിയ അരി പുഴുവരിച്ചതില്‍ എഡിഎം വിശദീകരിക്കണം. അതേസമയം, ജില്ലാ ഭരണകൂടമെത്തിച്ച ലോഡില്‍ കാലപ്പഴക്കമുള്ള അരിയുണ്ടെന്ന് ആരോപിച്ചും ഇന്നും മേപ്പാടിയില്‍ പ്രതിഷേധമുണ്ടായി. അരി മാറ്റിവച്ച് ടി.സിദ്ദിഖ് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഭക്ഷ്യവസ്തുക്കള്‍ കസ്റ്റഡിയിലെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ദുരന്ത ബാധിതർക്ക് വിതരണം ചെയ്ത പുഴുവരിച്ച അരിയെ പറ്റി മനോരമ ന്യൂസാണ് വാർത്ത പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതാണ് കിറ്റ്. സംഭവത്തില്‍ ഇന്നലെ മുതല്‍ വ്യാപക പ്രതിഷേധമാണ്. പഞ്ചായത്ത് ഭരണ സമിതിയുടെയും അധികൃതരുടേയും അനാസ്ഥയാരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്കും ഭക്ഷ്യ ഗോടൗണിലെക്കും ഇരച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണിക്കൂറുകളോളം ഉപരോധിച്ചു. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കലക്ടറുടെ ചേമ്പറിനു മുന്നിൽ കുത്തിയിരുന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു.
പുഴുവരിച്ചത് റവന്യുവകുപ്പ് നല്‍കിയ സാധനങ്ങളല്ലെന്നും കെട്ടിക്കിടന്ന സാധനങ്ങളാണ് പഞ്ചായത്ത് വിതരണം ചെയ്തതെങ്കില്‍ ഗുരുതരമായ തെറ്റെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. വിഷയത്തില്‍ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് എ.ഡി.എമ്മിന് ഭക്ഷ്യകമ്മിഷന്‍ നിര്‍ദേശം നല്‍കി. അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.