wayanad-mundakai-landslide

ഹാരിസണിനു പുറമെ എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്‍റ് കൂടി ഹൈക്കോടതിയെ സമീപിച്ചതോടെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ നടപടി മുടങ്ങിയ നിലയിലായി. പൂർണ പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ ഭൂമി നൽകാനാവില്ലെന്നാണ് മാനേജ്മെന്റിന്‍റെ നിലപാട്. വിഷയത്തിൽ മന്ത്രി തല ചർച്ച നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണവുമായി സ്ഥലം എംഎല്‍എ സിദ്ധിഖ് രംഗത്തെത്തി.

 

മേപ്പാടി നെടുമ്പാലക്കടുത്തെ ഹാരിസൺ എസ്റ്റേറ്റ്, കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ്. മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സർക്കാർ പരിഗണിച്ച രണ്ടിടങ്ങൾ. ഏറ്റെടുക്കൽ നടപടി അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് രണ്ടു എസ്റ്റേറ്റ് ഉടമകളും ഹൈക്കോടതിയെ സമീപിച്ചത്. 

Also Read: വയനാടിന് പ്രത്യേക സഹായം പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

നേരത്തെ അനുകൂല തീരുമാനം അറിയിച്ച എസ്റ്റേറ്റ് ഉടമകൾ ഒടുവിൽ ഭൂമി നൽകാനാവില്ലെന്ന് കാണിച്ചാണ് ഹൈകോടതിയെ സമീപിച്ചത്. ഇതോടെ പുനരധിവാസ നടപടിക്ക് വിലങ്ങു തടിയായി. 

ഹരിസൻ എസ്റ്റേറ്റിൽ നിന്ന് 65.41 ഹെക്ടറും  എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഹെക്ടറുമാണ് വേണ്ടത്. നിലവിൽ കോടതിയുടെ പരിഗണനയിലായതോടെ ഭൂമിയേറ്റെടുക്കൽ നടപടി താൽകാലികമായി നിർത്തി വെക്കേണ്ടി വരും. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് സ്ഥലം എം.എൽ.എ ടി.സിദ്ധീഖിന്‍റെ മുന്നറിയിപ്പ്. 

Also Read: ഈ തര്‍ക്കം എന്ന് തീരുമാനമാകും?; ഞങ്ങളിവിടെ മഴയത്ത് നില്‍ക്കുകയാണ് സര്‍..!

കയ്യേറ്റ ഭൂമിയുണ്ട്, എസ്റ്റേറ്റിലെ നിരവധി തൊഴിലാളികൾ ഉരുൾ പൊട്ടലിൽ മരിച്ചതാണ് എന്നിട്ടും ഭൂമി നൽകാനാവില്ലെന്ന ഹാരിസൺ നിലപാടിനെതിരെ കടുത്ത അമർഷം ഉയരുന്നുണ്ട്.

മന്ത്രി തലത്തിൽ എസ്റ്റേറ്റ് ഉടമകളോട് ചർച്ച ചെയ്യാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന പരാതിയുണ്ട്. അതേ സമയം ദുരന്ത നിവാരണ നിയമ പ്രകാരം ഹാരിസൻ എസ്റ്റേറ്റിൽ അവകാശ വാദം ഉന്നയിച്ച് സർക്കാർ സുൽത്താൻ ബത്തേരി കോടതിയെ സമീപിച്ചിട്ടുണ്ട്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Estate owners refuse to provide land; rehabilitation process stalls in landslide hit Mundakkai.