സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയിൽ അധികമാണ് വില ഉയർന്നത്. കോഴിക്കോട് ചില്ലറ വിപണിയിലെ വില 85 രൂപയിലെത്തിയപ്പോൾ കൊച്ചിയിൽ 88 രൂപയാണ് വില.
കഴിഞ്ഞ വെള്ളിയാഴ്ച സവാളയുടെ വില 40 രൂപ. ഒരാഴ്ച പിന്നിടുമ്പോൾ കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്ത വിപണിയിൽ സവാളയുടെ 74 രൂപയിൽ എത്തി. ഇത് ചില്ലറ വിപണിയിൽ എത്തുമ്പോൾ 85 വരെ ആകും. മഹാരാഷ്ട്രയിൽ ഉണ്ടായ അപ്രതീക്ഷിത മഴയും ദീപാവലി അവധിയും ആണ് തിരിച്ചടി ആയതെന്ന് വ്യാപാരികൾ.
ഏതായാലും സവാള വില ഇതേ നിലയിൽ ഇനിയും ഉയരാൻ ഇടയില്ല. രണ്ടാഴ്ചകം താഴ്ന്ന് പഴയ വിലയിൽ എത്തുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിൽ വില കുതിക്കുന്നു. സവാള ക്വിന്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് ഇവിടെ വ്യാപാരികൾ ലേലം കൊള്ളുന്നത്.