k-gopalakrishnan

TOPICS COVERED

മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പില്‍ അന്വേഷണ റിപ്പോർട് ഡിജിപി  ചീഫ് സെക്രട്ടറിക്ക് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട റിപ്പോർട്  ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഫോൺ ഹാക്ക് ചെയ്തല്ല വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നായിരുന്നു പൊലീസ് റിപ്പോർട്

Read Also: മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ ഗോപാലകൃഷ്ണനെന്ന് പൊലീസ്

കെ.ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നു സൂചനയുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട് കിട്ടുന്ന മുറയ്ക്ക് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കും.  ഐ.എ.എസ് ചട്ടപ്രകാരം ഗുരുതര തെറ്റാണ് ഗോപാലകൃഷ്ണന്‍റെ ഭാഗത്തുണ്ടായത്. ചട്ടം 3(1), 3 (14 ) 3 (9) എന്നിവ പ്രകാരം സമൂഹ ഐക്യത്തിനു കോട്ടം തട്ടുന്ന വിധം പെരുമാറിയാല്‍ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഹിന്ദു ഗ്രൂപ് ഉണ്ടാക്കിയെന്നു മാത്രമല്ല, വിവാദമായപ്പോള്‍ മുസ്ലിം ഗ്രൂപ്പ് കൂടി ഉണ്ടാക്കിയെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. 

വാട്സാപ് ഗ്രൂപ്പ് പ്രചരിച്ചപ്പോള്‍ തന്നെ  ചീഫ് സെക്രട്ടറി കെ.ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തെന്നായിരുന്നു നേരിട്ടെത്തി നടത്തിയ വിശദീകരണത്തില്‍ കെ.ഗോപാലകൃഷ്ണന്‍റെ നിലപാട്. തുടര്‍ന്നാണ് കേസില്‍ മുന്‍വിധി വേണ്ടെന്നും പൊലീസ് റിപ്പോര്‍ട് വരട്ടെയെന്നും ചീഫ്സെക്രട്ടറി ശാരദാ മുരളീധരന്‍ നിലപാടെടുത്തത് . ഇക്കാര്യം അവര്‍ സര്‍ക്കാരിനേയും അറിയിച്ചിരുന്നു. 

മാത്രമല്ല സര്‍വീസ് ചട്ടത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നുള്ള രീതിയില്‍ ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനേയും അറിയിക്കണം. ഇക്കാര്യത്തിലുള്ള ഫയല്‍ നീക്കവും ഉടന്‍ ഉണ്ടായേക്കും. ഇതോടെയാണ് ഗോപാലകൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്നു ഉറപ്പായത്.