വയനാട്ടിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആര്‍.അനൂപാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപഹ്വാനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
Read Also: ‘മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം; അത് പൂട്ടിക്കും’
വയനാട്ടിൽ വഖഫ് ബില്ലിനെ മുൻനിർത്തി കടുത്ത വർഗീയ പരാമർശങ്ങളുമായി ബിജെപി രംഗത്തെത്തിയിരുന്നു. വഖഫ് ബോർഡ് കിരാതമെന്നും അത് പൂട്ടിക്കെട്ടുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഭീഷണി മുഴക്കി. വാവര്‍ സ്വാമിയെ അധിക്ഷേപിച്ച ബി.ഗോപാലകൃഷ്ണന് എതിരെയും വ്യാപക വിമർശനമുയര്‍ന്നു. തമ്മിൽ തല്ലിക്കാനുള്ള നീക്കമാണിതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട് കമ്പളക്കാടിൽ വെച്ച് നടന്ന എന്‍ഡിഎ പൊതു യോഗത്തിലാണ് സുരേഷ് ഗോപിയുടെയും ബി. ഗോപാലകൃഷ്ണന്റെയും വിവാദ പരാമർശം. വഖഫും മുനമ്പവും മുൻ നിർത്തിയായിരുന്നു ഇരുവരുടേയും പ്രസംഗം. ആദ്യമെത്തിയ ഗോപാല കൃഷ്ണൻ വാവര്‍ സ്വാമിയെ അധിക്ഷേപിച്ചു തുടങ്ങി . പിന്നാലെയെത്തിയ സുരേഷ് ഗോപി വഖഫിനെ പരോക്ഷമായി അതിക്ഷേപിച്ചു. മുനമ്പത്തേത് നാല് അക്ഷരമുള്ള കിരാതമാണെന്നും അത് പൂട്ടി കെട്ടുമെന്നും സുരേഷ് ഗോപി
ഇരുവർക്കും മറുപടിയുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞതെന്നും തമ്മിൽ തല്ലിക്കാനാണ് ഇരുവരുടേയും നീക്കമെന്നും കുഞ്ഞാലിക്കുട്ടി
ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വയനാട്ടിലെ തിരഞ്ഞെടുപ്പ് ചർച്ച മറ്റൊരു തലത്തിലെത്തുന്നതാണ് ഇന്ന് കണ്ടത്. വാദ പ്രതിവാദങ്ങളുമായി മുന്നണികൾ പിടിമുറുക്കി കഴിഞ്ഞു.