പുന്നപ്പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി മന്ത്രി ഒ.ആർ.കേളു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് പ്രചാരണത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ജില്ലയിലെത്തിയത്. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്കുള്ള യാത്രയ്ക്കിടെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ചങ്ങാടത്തിൽ കുടുങ്ങിയത്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മുളകൊണ്ട് നിർമിച്ച ചങ്ങാടം പുഴയിലൂടെ കുറച്ചുനേരം നീങ്ങിയതിന് ശേഷം കല്ലില്‍ കുടുങ്ങുകയായിരുന്നു. സാധാരണയായി നാലുപേരാണ് ചങ്ങാടത്തില്‍ കയറാറുള്ളത്. എന്നാല്‍ മന്ത്രി സഞ്ചരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന എല്‍ഡിഎഫ് നേതാക്കളടക്കം പത്തുപേരാണ് ചങ്ങാടത്തിലുണ്ടായിരുന്നത്. അരമണിക്കൂറോളം മന്ത്രി ചങ്ങാടത്തിൽ കുടുങ്ങി. ഏറെപണിപ്പെട്ടാണ് ചങ്ങാടത്തിലുള്ളവരെ കരയ്ക്കെത്തിച്ചത്.
2018ലെ പ്രളയത്തിലാണ് പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകരുന്നത്. അതിന് ശേഷം ഇരുകരകളിലും താമസിക്കുന്നവര്‍ പുഴകടക്കാനായി മുളകൊണ്ട് നിര്‍മിച്ച ചങ്ങാടമാണ് ഉപയോഗിക്കുന്നത്. മഴ പെയ്ത് പുഴയിൽ വെള്ളം കൂടിയാൽ ചങ്ങാടത്തിലെ യാത്ര മുടങ്ങി ഒറ്റപ്പെട്ട് കഴിയേണ്ട സ്ഥിതിയാണ് ഇവിടുത്തുകാരുടേത്. തകർന്ന പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്നത് മൂന്നുവര്‍ഷമായുള്ള നിരന്തര ആവശ്യമാണ്.