പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കാറോ പെട്ടിയോ അല്ല പ്രശ്നമെന്നും വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണം കണ്ടെത്തണമെന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന്‍. വിട്ടുനില്‍ക്കുന്ന പ്രവര്‍ത്തകരെ സജീവമാക്കാനാണ് പണം എത്തിച്ചത്. ഒരു ബൂത്തില്‍ 30,000 രൂപ വീതം പണം നല്‍കുന്നുണ്ട്. ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടണമെന്നും സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച് കള്ളപ്പണയിടപാട് നടത്തിയെന്ന ആരോപണത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. പെട്ടി മടക്കി വെറുതേ ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വോട്ടര്‍മാര്‍ക്ക് പണം കൊടുത്തുവെന്ന സരിന്‍റെ ആരോപണത്തിന് ജനം മറുപടി പറയുമെന്നും രാഹുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ പാലക്കാട് 'പെട്ടി' വിട്ട് വയനാടിന് കേന്ദ്ര സർക്കാർ സഹായം വൈകുന്നത് അടക്കം നല്ല രാഷ്ട്രീയം ചർച്ച ചെയ്യാമെന്നായിരുന്നു റവന്യൂ മന്ത്രി കെ രാജന്‍റെ നിലപാട്. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മൽസരം. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയുന്നതില്‍ തനിക്ക് ധൈര്യക്കുറവിന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ അരിവിതരണത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്താമെന്നും നടപടിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് എടുത്ത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് നോക്കാമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, 2021 ലെ വിധി അട്ടിമറിച്ചതിനു കോൺഗ്രസിനോടും സിപിഎമ്മിനോടും പാലക്കട്ടെ വോട്ടർമാർ പ്രതികാരം ചെയ്യുമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ബിജെപിക്ക് നിലവിലെ സാഹചര്യത്തിൽ ആരുമായും ഡീൽ സാധ്യമല്ല. കൊടകര കേസിൽ മൂന്നു വർഷം മുൻപ് ഇഡിക്ക് അയച്ച കത്തിനു കിട്ടിയ മറുപടി എന്തെന്ന് സർക്കാർ പറയണം. അവർ വിശദാംശം ചോദിച്ചോ, സർക്കാർ കൊടുത്തോ എന്നും മുരളീധരൻ ചോദ്യമുയര്‍ത്തി.