റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് റഹീം നിയമ സഹായസമിതി. വരുന്ന ഞായറാഴ്ച കേസ് പരിഗണിക്കുമ്പോൾ റഹീമിന്റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. എങ്കിലും ഇക്കാര്യത്തില്‍ നൂറു ശതമാനം ഉറപ്പു പറയാനാവില്ലെന്നും സഹായ സമിതി വ്യക്തമാക്കി.
അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് സഹായ സമിതിയുടെ ആത്യന്തിക ലക്ഷ്യം. അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. യൂടൂബേഴ്‌സും വ്‌ളോഗര്‍മാരും വസ്തുതകള്‍ തിരിച്ചറിയണം. സഹായ സമിതിയുമായി ബന്ധപ്പെടാതെ ഏകപക്ഷീയമായി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും റഹീം നിയമ സഹായസമിതി. 17ന് ശുഭ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
റഹീമിന്റെ കുടുംബം സൗദിയിലെത്തിയതും റിയാദ് ജയിലില്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നുവെങ്കില്‍ കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമായിരുന്നു. അബ്ദുല്‍ റഹീമിന്റെയും കൂട്ടു പ്രതി നസീറിന്റെയും കേസ് ഫയലുകള്‍ രണ്ടായി പരിഗണിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാമ്യത്തില്‍ മുങ്ങിയ കൂട്ടുപ്രതിക്കെതിരായ കേസ് റഹീമിന്റെ മോചനത്തെ ബാധിക്കില്ലെന്നും സഹായ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൗദി ബാര്‍ അസോസിയേഷനില്‍ എന്റോള്‍ ചെയ്ത അലി അല്‍ ഹൈദാന്റെ നേതൃത്വത്തിലുളള രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെയാണ് റഹീമിനു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ നിയമിച്ചതെന്നും സഹായ സമിതി വ്യക്തമാക്കി