സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 47.87 കോടി രൂപയോളം സമാഹരിച്ചെന്ന് അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് ട്രസ്റ്റ് കമ്മിറ്റി. ഇതില്‍ ചിലവായത് 36 കോടിയോളം രൂപയാണ്. ബാക്കി ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുണ്ട്. റഹീം തിരിച്ചെത്തിയ ശേഷം ബാക്കി തുക എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദപ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് ട്രസ്റ്റ് കമ്മിറ്റി വ്യക്തമാക്കി. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത് 47,87,65,347 രൂപയാണ്. ഇതിൽ 36,27,34,927 രൂപ ചിലവ് വന്നു. ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
റഹീമിന്‍റെ കേസ് അടുത്ത 17 നാണ് റിയാദിലെ കോടതി പരിഗണിക്കുന്നത്. അന്നേ ദിവസം റഹീമിന്‍റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം റഹീം നിയമ സഹായ സമിതിയെ തെറ്റിദ്ധരിച്ചതാണെന്ന് അബ്ദുല്‍ റഹീമിന്റെ കുടുംബം വ്യക്തമാക്കി. റഹീമിനെ കാണാനുള്ള കുടുംബത്തിന്‍റെ യാത്ര മുടക്കാനും സന്ദര്‍ശനം വിലക്കാനും ചിലര്‍ ശ്രമിക്കുന്നതായി ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് സന്ദര്‍ശന വിവരം രഹസ്യമാക്കി വെച്ചതെന്നും സഹോദരന്‍ നസീര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read: ഉമ്മയെ കാണാൻ തയ്യാറാകണമായിരുന്നു; ലക്ഷ്യം മോചനം മാത്രം: റഹീം നിയമ സഹായ സമിതി
ഇന്ത്യന്‍ എംബസിയും റിയാദ് നിയമ സഹായ സമിതിയും അറിയാതെയാണ് റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറും അമ്മാവന്‍ അബ്ബാസും സൗദിയിലെത്തിയത്. ഇതു അഭ്യുഹങ്ങള്‍ക്കു ഇടവരുത്തിയിരുന്നു. ഇവരെ കാണാന്‍ ജയിലില്‍ കഴിയുന്ന റഹീം വിസമ്മതിക്കുകയും ചെയ്തു. നിയമ സഹായ സമിതിയാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും പവ്വര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും ഉമ്മയെ കാണാന്‍ നിര്‍ബന്ധിച്ചതോടെയാണ് റഹീം വഴങ്ങിയത്.