ആവേശം പരകോടിയിലെത്തിച്ച് വയനാട്ടിലും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാര്‍ഥികളും നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ഇരച്ചെത്തിയ കലാശക്കൊട്ടിന്‍റെ ആവേശത്തെ കെടുത്താന്‍ ഇടയ്ക്ക് പെയ്ത മഴയ്ക്കുമായില്ല. തിരുവമ്പാടിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി പ്രിയങ്ക ഗാന്ധിയുടെ റോഡ‍് ഷോയില്‍ രാഹുല്‍ ഗാന്ധി നായകസാന്നിധ്യമായി. താന്‍ വേഗത്തില്‍ തിരിച്ചുവരുമെന്ന് മലയാളത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞത് പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെ വരവേറ്റു.
തിരുവമ്പാടിയില്‍ യു.ഡി.എഫ്– എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ബലപ്രയോഗമുണ്ടായി. കല്‍പറ്റയില്‍ കൂറ്റന്‍ ശക്തിപ്രകടനത്തോടെയായിരുന്നു ഇടതുസ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ പ്രചാരണസമാപനം. ബത്തേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ക്രെയിനില്‍ കയറി പ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി. ചേലക്കരയില്‍ ഇടതുസ്ഥാനാര്‍ഥി യു.ആര്‍.പ്രദീപിനെ ഉടനീളം അനുഗമിച്ച് കെ.രാധാകൃഷ്ണന്‍ എം.പിയും സജീവ സാന്നിധ്യമായി.
രമ്യ ഹരിദാസിന്റെ പ്രചാരണത്തിന് പാലക്കാട്ടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി കെ.ബാലകൃഷണനും പ്രചാരണത്തിന്‍റെ അവസാനനിമിഷങ്ങള്‍ ആവേശഭരിതമാക്കി.