thiruvalla-accident

TOPICS COVERED

തിരുവല്ല മുത്തൂരിൽ മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സിയാദാണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന ഭാര്യയും കുട്ടികളും പരുക്കുകളോടെ രക്ഷപ്പെട്ടു. മുന്നറിയിപ്പ് ബോർഡ് പോലും വയ്ക്കാതെ അപകടകരമായ രീതിയിൽ കയർ കെട്ടിയ കരാറുകാരനുൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പായിപ്പാടെ ബന്ധുവീട്ടിൽ നിന്ന് മടങ്ങും വഴിയാണ് തകഴി സ്വദേശി സിയാദും കുടുംബവും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. മുത്തൂർ സർക്കാർ സ്കൂൾ വളപ്പിൽ മരം മുറിക്കുന്നതിനായി കരാറുകാർ ഗതാഗതം നിയന്ത്രിക്കാൻ 100 മീറ്റർ മാറി റോഡിനു കുറുകെ കെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. 

ബൈക്ക് മറിഞ്ഞ് സിയാദും ഭാര്യയും കൈക്കുഞ്ഞുങ്ങളും റോഡിൽ വീണു. കഴുത്തിലെ രക്തക്കുഴലുകൾ മുറിഞ്ഞ് സിയാദ് തൽക്ഷണം മരിച്ചു. കയർ വലിച്ചുകെട്ടിയപ്പോൾ മുതൽ കരാറുകാർ യാതൊരു മുന്നറിയിപ്പ് ബോർഡുകളും വെച്ചിരുന്നില്ലെന്നും ഗതാഗതം വഴി തിരിച്ചുവിടാൻ സൗകര്യമൊരുക്കിയിരുന്നില്ലെന്നും നാട്ടുകാർ.

കരാറുകാരനേയും കയർ കെട്ടിയ ആളെയും ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിയാദിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ സിയാദിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

ENGLISH SUMMARY:

Thiruvalla bike accident, one died