വയനാട്ടിലെ പാൻ ഇന്ത്യൻ പോരാട്ടത്തിനും നാളെ വിധിയെഴുത്ത്. 14 ലക്ഷം വോട്ടർമാർ 7 മണി മുതൽ സമ്മതിദാന അവകാശം രേഖപ്പെടുത്തും.
പതിനാറ് സ്ഥാനാർഥികൾ, അതിൽ പതിനൊന്ന് പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഒരു സ്വതന്ത്ര സ്ഥാനാർഥിയൊഴിച്ചാൽ എല്ലാവരും ജില്ലക്കു പുറത്തുള്ളവർ. പാൻ ഇന്ത്യൻ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ നാളെ വോട്ടർമാർ ബൂത്തിലെത്തും
മണ്ഡലമാകെ നിറഞ്ഞു നിന്ന നാലാഴ്ച്ച നീണ്ട പ്രചരണം, ദേശീയ-സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കളത്തിലിറങ്ങിയ പോരാട്ടം. പതിനായിരങ്ങളെ അണി നിരത്തിയുള്ള റോഡ് ഷോ, വാദ പ്രതിവാദങ്ങൾ, വോട്ടർമാരെ കയ്യിലെടുത്തുള്ള പ്രസംഗങ്ങൾ. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് മുതൽ മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത് വരെ ചർച്ചയായി. വഖഫ് വിഷയത്തിൽ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയും വയനാട്ടിലെ പ്രചരണ കാലത്ത് പെട്ടു. മണ്ഡലത്തിലുള്ളത് 14,71,742 വോട്ടർമാർ, 1354 ബൂത്തുകൾ, കഴിഞ്ഞ തവണ രേഖപ്പെടുത്തിയത് 72.69% പോളിങ്. ഇത്തവണയതിൽ വർധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ. 7 മുതൽ വൈകീട്ട് 6 വരേയാണ് വിധിയെഴുത്ത്.