hc-vehicle

TOPICS COVERED

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന കുറ്റത്തിൽ മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥയിൽ വിശദീകരണം തേടി ഹൈക്കോടതി. രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിലെ വ്യവസ്ഥയിലാണ് കോടതി വിശദീകരണം തേടിയത്. വ്യവസ്ഥയുടെ ഭരണഘടനാപരമായ സാധ്യത ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഇടപെടൽ

 

മോട്ടർവാഹന നിയമത്തിന്റെ 199 എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാവിനെയോ ഉടമയെയോ മൂന്നുവർഷം തടവിന് ശിക്ഷിക്കാം. എന്നാൽ ലൈസൻസില്ലാതെ മുതിർന്നവരോ, പ്രായപൂർത്തിയാകാത്തയാളോ വാഹനം ഓടിച്ചാൽ മൂന്നുമാസം മാത്രമാണ് തടവ് ശിക്ഷ. അതായത്, കുറ്റം ചെയ്തവർക്ക് നൽകുന്നതിനെക്കാൾ കടുത്ത ശിക്ഷയാണ്, കുറ്റം ചെയ്ത പ്രായപൂർത്തിയാകാത്തയാളുമായുള്ള ബന്ധത്തിന്റെ പേരിൽ രക്ഷിതാവിന് നൽകുന്നത്. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്.

പ്രായപൂർത്തിയാകാത്തയാൾ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ 6 മാസത്തേക്ക് റദ്ദാക്കൽ, കുട്ടിക്ക് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസ് നിഷേധിക്കൽ തുടങ്ങിയവയും നിയമത്തിന്റെ ഭാഗമാണ്. ഇത്തരത്തിൽ ലൈസൻസ് നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹർജിയിലുണ്ട്. മോട്ടർ വാഹന നിയമം തന്റെ കുട്ടി ലംഘിക്കുന്നില്ലെന്ന് രക്ഷിതാവ് ഉറപ്പാക്കണമെന്ന് നിയമങ്ങളിലൊന്നും പറയുന്നില്ല. അതിനാൽ നിയമലംഘനത്തിന്റെ പേരിൽ രക്ഷിതാവിനെ ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തിനു വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിഷയത്തിൽ വിശദീകരണം തേടി. ഹർജി ഡിസംബർ 10ന് വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

The High Court seeks clarification on the provisions of the Motor Vehicles Act regarding offenses involving minors driving