muhemmed-riyas

സീപ്ലെയിന്‍ പദ്ധതി  അടിച്ചേല്‍പ്പിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരുമായും ചര്‍ച്ച ചെയ്തേ നടപ്പാക്കൂ. ഡാമുകളില്‍ നടപ്പാക്കുന്നതില്‍ എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ല. പദ്ധതി നടപ്പാക്കുന്നത് ഡാമുകളിലും വിമാനത്താവളങ്ങളിലുമാണ്. കായലുകള്‍ കേന്ദ്രീകരിച്ചല്ല പദ്ധതി നടപ്പാക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ട. പ്രതിപക്ഷം അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു 

Read Also: അന്ന് വേണ്ട, ഇന്ന് വേണം; കൊല്ലത്തും സീപ്ലെയിന്‍ ആവശ്യമെന്ന് സി.പി.എം മേയര്‍

അതേസമയം, സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട  മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്‍റ് ടി.ജെ.ആഞ്ചലോസ് വ്യക്തമാക്കി. മൽസ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമായാൽ പദ്ധതിയെ എതിര്‍ക്കും . ടൂറിസം വികസനത്തിന് വേണ്ടത് സീപ്ലെയിൻ പദ്ധതി മാത്രമല്ലെന്നും ടി.ജെ.ആ‍ഞ്ചലോസ് പ്രതികരിച്ചു.

 

മുറുമുറുപ്പ് കൊല്ലത്തും

കൊച്ചിയില്‍ ലാന്‍‍ഡ് ചെയ്ത ജലവിമാനത്തെച്ചൊല്ലി കൊല്ലത്ത് മുറുമുറുപ്പ്. പതിനൊന്നു വര്‍ഷം മുന്‍പ് സി.െഎ.ടി.യു പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലത്തിന് നഷ്ടപ്പെട്ട പദ്ധതിയാണ് സീപ്ളെയ്ന്‍. എന്തിനാണ് സീപ്ളെയിന്‍ പദ്ധതിയെ എതിര്‍ത്തതെന്ന് സി.പി.എം നേതാക്കള്‍ക്ക് കൃത്യമായ ഉത്തരമില്ല. കൊല്ലത്തേക്കും സീപ്ളെയ്ന്‍ വേണമെന്ന് സി.പി.എം നേതാവും കൊല്ലം മേയറുമായ പ്രസന്ന ഏണസ്റ്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

മീന്‍പിടിക്കാനാകില്ല, മീന്‍ മുട്ട നശിക്കും, മീനുകള്‍ കൂട്ടത്തോടെ പലായനം ചെയ്യും എന്നൊക്കെപ്പറഞ്ഞായിരുന്നു സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ സിെഎടിയു മല്‍സ്യത്തൊഴിലാളി യൂണിയന്‍ സീപ്ളെയിന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചത്. 

അന്ന് ഇല്ലാതാക്കിയ പദ്ധതി പതിനൊന്നു വര്‍ഷത്തിനിപ്പുറം കൊച്ചിയില്‍ നടപ്പാക്കുമ്പോള്‍ മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചോ ? എന്തിനായിരുന്നു പ്രതിഷേധമെന്ന ചോദ്യത്തിനു മറുപടി പറയാന്‍പോലും നേതാക്കള്‍ തയാറാകുന്നില്ല. നഷ്ടമുണ്ടായത് കൊല്ലത്തിനാണ്. 

എംഎല്‍എ ആയിരുന്ന പി.കെ.ഗുരുദാസനൊക്കെ പദ്ധതി നടപ്പാക്കണമെന്ന പക്ഷക്കാരനായിരുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുളളവരും അന്ന് ഉദ്ഘാടച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കണമെന്ന്‌ ഇപ്പോള്‍ സിപിഎം നേതാക്കളുടെ നിലപാട്. കൊല്ലത്തും നടപ്പാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് മനോരമ ന്യൂസിനോട് പറഞ്ഞു. 

യുഡിഎഫ് കാലത്ത് പദ്ധതിയെ എതിര്‍ത്തവരൊക്കെ ചേര്‍ന്ന് ഇനി അഷ്ടമുടിക്കായലില്‍ ജലവിമാനമിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

ENGLISH SUMMARY:

The seaplane plan is not imposed; Fishermen need not worry: Minister