ഐഎഎസ് ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണനെയും എന്‍ പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള  ഉത്തരവില്‍ ഗുരുതരപരാമര്‍ശങ്ങള്‍. മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് കെ.ഗോപാലകൃഷ്ണനാണെന്നും ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യം തകര്‍ക്കലായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍. പ്രശാന്തിന്‍റെ നടപടി ഭരണസംവിധാനത്തിന്‍റെ പ്രതിച്ഛായ തകര്‍ത്തുവെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് സൃഷ്ടിച്ചുവെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്. Also Read: ഐഎഎസ് ഉദ്യോഗസ്ഥരായ കെ.ഗോപാലകൃഷ്ണനും എന്‍.പ്രശാന്തിനും സസ്പെന്‍ഷന്‍ 

അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍. പ്രശാന്ത് ഐഎഎസ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ചത്. ജയതിലകിനെക്കുറിച്ച് പൊതുജനമറിയേണ്ട ചില കാര്യങ്ങള്‍ തുറന്നുപറയുമെന്നായിരുന്നു പ്രശാന്ത് ആദ്യം ഫെയ്സ്ബുക്കിലെഴുതിയത്. മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി ജയതിലകെന്ന് പിന്നാലെ വിശദമായ കുറിപ്പ് വന്നു. എന്‍. പ്രശാന്ത് പട്ടികജാതി–പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള 'ഉന്നതി'യിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്ന് വാര്‍ത്തയായാരുന്നു കടന്നാക്രമണത്തിന് പിന്നില്‍. ജോലിക്ക് കൃത്യമായി പ്രശാന്ത് ഹാജരാവാറില്ലെന്ന ജയതിലകന്‍റെ റിപ്പോര്‍ട്ടും പരസ്യഏറ്റുമുട്ടലിന് പ്രശാന്തിനെ പ്രേരിപ്പിച്ചു. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച് വ്യക്തിയാണ് ജയതിലകെന്നും കുറിപ്പുകളില്‍ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ജയതിലകിനെതിരെ പ്രശാന്ത് ആരോപണം ഉന്നയിച്ചു. 

അച്ചടക്ക നടപടി വന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു എന്‍.പ്രശാന്ത് മനോരമന്യൂസിനോട് പ്രതികരിച്ചത്. ജനങ്ങളുമായി സംവദിക്കുന്നത് ഒരു നിയമവ്യവസ്ഥയും വിലക്കുന്നില്ല. മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് നടപടിയാണെന്നും തന്‍റെ മേലുദ്യോഗസ്ഥനെ വിമര്‍ശിച്ചിട്ടില്ലെന്നും എന്‍. പ്രശാന്ത് മനോരമന്യൂസിനോട് പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടി നല്‍കാന്‍ മാത്രം താന്‍ തരംതാണിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ നിയമപരമായി നീങ്ങിയേക്കുമെന്നും പ്രശാന്ത് വെളിപ്പെടുത്തി. 

വ്യവസായ വകുപ്പ് ഡയറക്ടറായ കെ. ഗോപാലകൃഷ്ണന്‍ മല്ലു ഹിന്ദു ഓഫിസേഴ്സ് എന്ന പേരിലാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചത്. മറ്റ് അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗ്രൂപ്പ് പിരിച്ചുവിട്ട ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി ദിവസങ്ങള്‍ക്ക് ശേഷം പൊലീസിനെ സമീപിച്ചു. Read More: മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ്; ഉപയോഗിച്ചത് ഗോപാലകൃഷ്ണന്‍റെ ഫോണ്‍; വാട്സാപ്പ്

ഹാക്ക് ചെയ്തതോ എന്നറിയുന്നതിനായി പൊലീസ് വാട്സാപ്പിനെയും ഗൂഗിളിനെയും സമീപിക്കുകയും വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഗ്രൂപ്പുകള്‍ ഉണ്ടാക്കപ്പെട്ട സമയത്ത് ഫോണ്‍ ഗോപാലകൃഷ്ണന്‍റെ പക്കല്‍ തന്നെയായിരുന്നുവെന്നും ഹാക്ക് ചെയ്യാനുള്ള സാധ്യതകളില്ലെന്നും വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഹാക്കിങ് വാദം പൊളിഞ്ഞത്. 

ENGLISH SUMMARY:

WhatsApp group created by K. Gopalakrishnan IAS, aims to disrupt harmony among IAS officers, according to the suspension order. The order also states that N. Prasanth IAS has tarnished the administration's image with his remarks on social media.