എഡിഎം നവീൻ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകൾ ഉണ്ടെന്നാണ് പ്രശാന്തന്റെ പ്രതികരണം. പ്രത്യേക അന്വേഷണ സംഘം ടി.വി പ്രശാന്തിന്റെ മൊഴിയെടുത്തു
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ടി.വി പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ഒപ്പും പെട്രോൾ പമ്പിനായി നിശ്ചയിച്ച സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമായിരുന്നു. രണ്ടിലും പേരും വ്യത്യസ്തം. പാട്ടക്കരാറിൽ ടി.വി പ്രശാന്ത്. പരാതിയിൽ ടി.വി പ്രശാന്തൻ. വൈകാതെ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതി വ്യാജമായി ഉണ്ടാക്കിയതാണെന്ന വിവരവും പുറത്തുവന്നു. പിന്നീട് കോടതിയിൽ പോലും ആ പരാതിയെ കുറിച്ച് പി.പി ദിവ്യ മിണ്ടിയില്ല. എന്നാൽ മുഖ്യമന്ത്രിക്ക് താൻ തന്നെയാണ് പരാതി നൽകിയതെന്ന് ടി വി പ്രശാന്തൻ ആവർത്തിക്കുകയാണ്. ഒപ്പം തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്ന വിചിത്ര വാദവും.
പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ടി.വി പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസിൽ ഗൂഢാലോചന, ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം