ep-jayarajan13

ആത്മകഥ വിവാദം വ്യക്തമായ ഗൂഢാലോചനയെന്ന് ഇ.പി.ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പിച്ചിട്ടില്ല. ഒന്നില്‍കൂടുതല്‍ പ്രസാധകര്‍ സമീപിച്ചിട്ടുണ്ട്. ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല. ബുക്ക് പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സിനെ ഏല്‍പിച്ചിട്ടില്ല. ഞാനറിയാതെ എന്‍റെ പുസ്തകം ഡിസി എങ്ങനെ പ്രസിദ്ധീകരിക്കും? . ഡിസിയുടേത് തെറ്റായ നടപടിയാണ്. ചെയ്തത് ക്രിമിനല്‍ കുറ്റം. 

Read Also: ഇല്ലാക്കഥയ്ക്ക് മറുപടിയില്ല; ഗൂഢാലോചന മുഖ്യമന്ത്രി അന്വേഷിക്കണം: ശോഭ സുരേന്ദ്രന്‍

ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. എഴുതിക്കൊണ്ടിരിക്കുന്ന ബുക്ക് എന്‍റെ അനുവാദമില്ലാതെ എങ്ങനെ പ്രസിദ്ധീകരിക്കും? എഴുതിയവ എഡിറ്റ് ചെയ്യാന്‍ വിശ്വസ്ഥനായ ഒരു പത്രപ്രവര്‍ത്തകനെ ഏല്‍പിച്ചു. പൂര്‍ണരൂപത്തില്‍ ആത്മകഥ വായിച്ചുനോക്കാതെ എങ്ങനെ പ്രസിദ്ധീകരിക്കും? ബുക്കിന് പേരോ, കവര്‍ പേജോ തീരുമാനിച്ചിട്ടില്ല. 

 

എഴുതാത്ത കാര്യങ്ങള്‍ ആത്മകഥയുടെ േപരില്‍ പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യയും അതിലൂടെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുകയുമാണ് ലക്ഷ്യം. പിന്നില്‍ പാര്‍ട്ടിക്കാരാണോ എന്ന് അന്വേഷണത്തിലൂടയേ തെളിയൂ. നിറയെ മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂവെന്ന് ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

അതേസമയം, ഇ.പി.ജയരാജന്‍റെ ആത്മകഥയെന്നപേരില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍. വിവരങ്ങള്‍ യാഥാര്‍ഥ്യമെങ്കില്‍ ആത്മകഥയിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതികരിക്കാം. ഗൂഢാലോചനയിലെ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും ശോഭ ആവശ്യപ്പെട്ടു.

എന്തും ആദ്യം നിഷേധിച്ചിട്ട് പിന്നീട് സമ്മതിക്കുന്നതാണ് ഇ.പി ജയരാജന്റെ ശൈലിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചു. പ്രകാശ് ജാവഡേക്കറെ  കണ്ടില്ലെന്ന് ആദ്യം പറഞ്ഞ ഇ.പി പിന്നീട് തിരുത്തി. ഇല്ലാത്ത ആത്മകഥ ഡിസി ബുക്സ് തയാറാക്കിയെന്നാണ് ഇ.പി പറയുന്നത് . ആകാശത്തുനിന്ന് പ്രസാധകര്‍ക്ക് ആത്മകഥ എഴുതാനാകുമോയെന്ന് വി.ഡി.സതീശന്‍ ചോദിച്ചു.  ആത്മകഥ ഇറങ്ങുന്നത് തടയാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. 

‘ആത്മകഥാ ബോംബ്’

ഉപതിരഞ്ഞെടുപ്പ് ദിനം സി.പി.എമ്മിന് മേല്‍ ഇടിത്തീയായി എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ആത്മകഥാ ബോംബ്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്നും പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍ വയ്യാവേലിയായേക്കുമെന്നും തുറന്നെഴുതുന്ന ആത്മകഥയുടെ പേജുകള്‍ പുറത്തുവന്നു. കട്ടന്‍ചായയും പരിപ്പുവടയുമെന്ന് പേരിട്ട ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് ഡി.സി ബുക്സാണ്. വാര്‍ത്ത വിവാദമായതോടെ പുറത്തുവന്നത് തന്റെ ആത്മകഥയല്ലന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇതോടെ പ്രസിദ്ധീകരണം മാറ്റിയതായി ഡി.സി. ബുക്സ് അറിയിച്ചെങ്കിലും പുറത്തുവന്ന ഉള്ളടക്കം നിഷേധിച്ചില്ല.

ചേലക്കരയും വയനാടും വിധിയെഴുതുന്നതിന്റെ തലേരാത്രി 9മണി, ഡി.സി ബുക്സിന്റെ ഫേസ്ബുക് പേജില്‍ ഈ അറിയിപ്പെത്തി. പല അപ്രീയസത്യങ്ങളുടെയും തുറന്നുപറച്ചിലുകളുമായി ഇ.പി.ജയരാജന്റെ ആത്മകഥ ഉടന്‍ വരുന്നു. പേര്–കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം. 

നേരം പുലര്‍ന്ന് വോട്ടര്‍മാര്‍ ബൂത്തിലെത്തി തുടങ്ങിയതോടെ ഉള്ളടക്കത്തിലെ ബോംബും പൊട്ടി–ഇ.പി പറയുന്ന അപ്രീയസത്യങ്ങളുടെ അമ്പുകളിലൊന്ന് സാക്ഷാല്‍ മുഖ്യമന്ത്രിക്ക് നേരേ–രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ്, നവകേരളസദസ് അടക്കം അനാവശ്യം–അടുത്ത അപ്രീയസത്യം പാലക്കാട് വോട്ടഭ്യര്‍ത്ഥന തുടരുന്ന ഇടത് സ്ഥാനാര്‍ഥിയേക്കുറിച്ച്–യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാതിരുന്നപ്പോളാണ് സരിന്റെ മറുകണ്ടംചാടല്‍. ഇത്തരം സ്വതന്ത്രരെ കൂടെ നിര്‍ത്തിയാല്‍ പി.വി.അന്‍വറിനെപ്പോലെ വയ്യാവേലിയാകും. പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച ഏറ്റുപറഞ്ഞ ലോക്സഭ വോട്ടെടുപ്പ് ദിനത്തിലെ പ്രതിസന്ധിയുടെ തനിയാവര്‍ത്തനമായി ഉപതിരഞ്ഞെടുപ്പ് ദിനവും. പ്രതികരിക്കാനാവാതെ സ്ഥാനാര്‍ഥികളും നേതാക്കളുമൊക്കെ കുഴങ്ങിയപ്പോള്‍ എന്റെ ആത്മകഥ ഇങ്ങനെയല്ലെന്ന് പറഞ്ഞ് ഇ.പി തന്നെ രംഗത്ത്.

ഇ.പി ഇതുപറഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡി.സി ബുക്സിന്റെ പേജില്‍ അടുത്ത അറിയിപ്പ്. നിര്‍മിതിയിലെ സാങ്കേതിക പ്രശ്നം മൂലം പ്രസാധനം മാറ്റിവച്ചു. ഉള്ളടക്കത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകും.അതായത് തല്‍കാലത്തേക്ക് പ്രസിദ്ധീകരണം നീട്ടിയെങ്കിലും ഉള്ളടക്കമടക്കം ഇ.പി പറഞ്ഞതെല്ലാം ശരിയാണന്ന് ഡി.സി സമ്മതിക്കുന്നില്ല. അതിന് പിന്നാലെ ഇ.പിയുടെ കുട്ടിക്കാലം മുതല്‍ ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങള്‍ വിശദമായി എഴുതിയിരിക്കുന്ന ആത്മകഥയുടെ 177 പേജിന്റെ പകര്‍പ്പുകള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെ ഇ.പി തള്ളുമ്പോഴും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്

1)എഴുതിതീര്‍ന്നിട്ടില്ലെന്ന് ഇ.പി പറയുമ്പോള്‍ പുറത്തുവന്ന ഇ.പിയുടെ ജീവിതം പിന്നെ ആര് എഴുതി?

2)ഇ.പിയുടെ അനുവാദമില്ലാതെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി ആരെങ്കിലും പരസ്യം നല്‍കുമോ?

3)പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ 177 പേജുകള്‍ പി.ഡി.എഫ് രൂപത്തില്‍ വോട്ടെടുപ്പ് ദിവസം പ്രചരിപ്പിച്ചത് ആര്?

ഉത്തരം കിട്ടിയാലെ വോട്ടെടുപ്പ് ദിനത്തിലെ ആത്മകഥക്ക് പിന്നിലെ തിരക്കഥ പൂര്‍ത്തിയാവൂ

ENGLISH SUMMARY:

No deal, says EP Jayarajan; DC Books postpones release of autobiography

Google News Logo Follow Us on Google News