polling-end

കോണ്‍ഗ്രസ് ക്യാംപിനെയടക്കം ആശങ്കയിലാക്കി വയനാട് ലോക്സഭാ മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍  കുത്തനെ ഇടിവ്. അവസാന കണക്കനുസരിച്ച് 64.71 ശതമാനമാണ് വയനാട്ടിലെ പോളിങ്. 2024 ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 74.22% ആയിരുന്നു പോളിങ്. ചേലക്കരയില്‍ 72.77 ശതമാനം വോട്ടര്‍മാര്‍ ബൂത്തിലെത്തി. വയനാട്ടിലെ പോളിങ് ഇടിവില്‍ തല പുകയ്ക്കുകയാണ് മുന്നണികള്‍. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും, പോളിങ്ങിലെ കുറവ് പരിശോധിക്കുമെന്നും കോണ്‍ഗ്രസ്.  ഇടതുവോട്ടുകള്‍ പോള്‍ ചെയ്തെന്നും മണ്ഡലത്തെ വഞ്ചിച്ചവരോടുള്ള താല്‍പര്യക്കുറവാണ് വോട്ടിങ്ങില്‍ കണ്ടതെന്നും സത്യന്‍ മൊകേരി. എന്‍.ഡി.എ വോട്ടുകളില്‍ വിള്ളലുണ്ടാകില്ലെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷനും പ്രതികരിച്ചു.  

തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരന്‍ അവകാശപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് തറപറ്റുമെന്നും കെ.പി.സി.സി അധ്യക്ഷന്‍. 

Read Also: ചേലക്കരയില്‍ ചേലോടെ മുന്നിലെത്താന്‍ ആര്?; മെച്ചപ്പെട്ട പോളിങ്

വയനാട്ടില്‍ ഭൂരിപക്ഷം കുറയില്ലെന്ന പ്രതീക്ഷയുമായി ടി.സിദ്ദിഖ് എം.എല്‍.എ. പ്രചാരണത്തിനിടെ തന്നെ സി.പി.എം, ബി.ജെ.പി ക്യാംപുകളില്‍ ആവേശമില്ല. അതാകാം പോളിങ്ങില്‍ പ്രതിഫലിച്ചത്. 

പോളിങ് 70 ശതമാനത്തിനടുത്തേ എത്തൂ. അപ്പോഴും ആശങ്കയില്ലെന്നും സിദ്ദിഖ് മനോരമ ന്യൂസിനോട് പറഞ്ഞു. 

വയനാട്ടിൽ വിധിയെഴുത്ത് പുരോഗമിക്കുമ്പോള്‍ പ്രതീക്ഷിച്ചത്ര പോളിങ് ഇല്ലാത്തതിലെ ആശങ്കയിലാണ് മുന്നണികൾ. മന്ദഗതിയിലായിരുന്നു മണ്ഡലത്തിലെ പോളിങ്, മിക്ക ബൂത്തുകളിലും ഒഴിഞ്ഞ സ്ഥിതി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് നിലയിൽ നേരിയ വർധനവുണ്ടാവുന്നുണ്ടെങ്കിലും ബത്തേരി പോലുള്ള ഇടങ്ങളിൽ ആശങ്കയുണ്ട്. രാവിലെ ബൂത്തുകളിലെത്തിയ സ്ഥാനാർഥികൾ ആത്മവിശ്വാസവും പ്രതീക്ഷയും പങ്കു വെച്ചു

 

ചൂരൽമലയിലെ ദുരന്ത ബാധിതരുടെ ബൂത്തിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. 1354 ബൂത്തുകളിലായാണ് പോളിങ്‌ നടന്നത്. തിരുവമ്പാടി , ബത്തേരി മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പോളിങ് തടസ്സപ്പെട്ടെങ്കിലും പിന്നീട് പരിഹരിച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

 

മുള്ളൂർക്കര മനപ്പടിയിൽ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ പോസ്റ്റർ നീക്കം ചെയ്തതിനെ തുടർന്ന് കയ്യാങ്കളിയുണ്ടായി. ഉദ്യോഗസ്ഥർ ഏപക്ഷീയമായി പെരുമാറുന്നു എന്ന് ആരോപിച്ച് എല്‍ഡിഎഫ് –യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബി.ജെ.പിക്കാരാണ് പരാതി നൽകിയതെന്നാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ആരോപണം. കൂടുതൽ പൊലീസ് എത്തിയതോടെയാണ് തർക്കത്തിന് അയവു വന്നത്.

ENGLISH SUMMARY:

Wayanad, Chelakkara byelections: Polling crosses 50%