കുട്ടനാട്ടിൽ ഇടവേളയ്ക്കു ശേഷം വീണ്ടും CPM - CPI പോരിന് കളമൊരുങ്ങുന്നു. മുൻപഞ്ചായത്ത് പ്രസിഡന്റും എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറിയും അടക്കം 19 CPM പ്രവർത്തകർ പാർട്ടി വിട്ട് CPIയിൽ ചേർന്നു. പാർട്ടിയിൽ ചേരാൻ നേരത്തെ അപേക്ഷ നൽകിയവരെ ആണ് സ്വീകരിച്ചതെന്ന് CPI നേതൃത്വവും CPI യിൽ ചേർന്നവർ പാർട്ടി അംഗങ്ങൾ അല്ലെന്ന് CPM നേതാക്കളും പറയുന്നു.
ഇന്ന് CPM ഏരിയ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഒരു വിഭാഗം CPM പ്രവർത്തകർ സി പി ഐയിൽ ചേർന്നത്. വെളിയനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമന പൊന്നപ്പൻ, എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി മനു മോഹൻ എടത്വ LC മുൻ അംഗം എ.ജെ. കുഞ്ഞുമോൻ, തലവടി LC മുൻ സെക്രട്ടറ പ്രസാദ് എന്നിവർ അടക്കം 19 പേരാണ് CPM വിട്ടത്. രാമങ്കരിയിൽ നടന്ന പൊതുയോഗത്തിൽ CPI ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
കോൺഗ്രസ് - കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ നിന്ന് ഏതാനും പേർ കൂടി സിപിഐയിൽ ചേർന്നിട്ടുണ്ട്. CPMൽ നിന്നടക്കം കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്ന് കുട്ടനാട്ടിലെ CPI നേതൃത്വം പറയുന്നു.
വിഭാഗീയതയെ തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും നേരത്തെ CPM വിട്ടു CPI യിൽ ചേർന്നിരുന്നു. തുടർന്ന് CPM ലേക്കും CPIയിലേക്കും പ്രവർത്തകർ പല തവണ മാറി. ഏറ്റവുമൊടുവിൽ സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ രാമങ്കരിയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പോലും സി പി എം പിന്തുണച്ചു. തുടർന്ന് പഞ്ചായത്ത് ഭരണം തന്നെ CPM ന് നഷ്ടമായി. പാർട്ടി വിട്ടെന്ന് പറയുന്ന പലർക്കും ഇപ്പോൾ സിപിഎമ്മുമായി ബന്ധമൊന്നുമില്ലെന്ന് ഏരിയ നേതൃത്വം അറിയിച്ചു.
മുൻകാലത്തെ അത്രയും തീവ്രതയില്ലെങ്കിലും കുട്ടനാട്ടിൽ CPM- CPl പോരിന്റെ കനൽ കെടാതെ കിടക്കുകയാണ്.