വൈദ്യുതി ബോര്‍ഡ് രണ്ടുവര്‍ഷംമുമ്പ് ആവിഷ്കരിച്ച ഫ്ളോട് പ്ലെയിന്‍ പദ്ധതി പാതിവഴിയില്‍ മുടങ്ങിയതുകാരണം കെ.എസ്.ഇ.ബിയ്ക്കുണ്ടായത് വന്‍നഷ്ടം. കെഎസ്ഇബിയുടെ അണക്കെട്ടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഫ്ലോട്ട് പ്ലെയിന്‍ പദ്ധതിക്ക് കമ്പനികള്‍ മുന്നോട്ടുവന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇപ്പോള്‍ ,,, ഇടുക്കിയിലെ മാട്ടുപ്പെട്ടി ഉള്‍പ്പടെ വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകള്‍ കേന്ദ്രീകരിച്ചുള്ള, നിര്‍ദ്ദിഷ്ട സീ പ്ലെയിന്‍ പദ്ധതി വഴി കെഎസ്ഇബിക്ക് ഗുണമുണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല.
ഈ ദൃശ്യം രണ്ടുവര്‍ഷം മുമ്പേ കാണേണ്ടതായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഫ്ലോട് പ്ലെയിന്‍ സര്‍വീസ് തുടങ്ങാന്‍ 2022 ഡിസംബറില്‍ താല്‍പര്യപത്രം ക്ഷണിച്ചു. മാട്ടുപ്പെട്ടി അണക്കെട്ടില്‍ നിന്ന് കൊച്ചി വഴി ബാണാസുരയിലേയ്ക്കും തിരിച്ചും സര്‍വീസ്, ഇതിനു പുറമേ മാട്ടുപ്പെട്ടിയിൽ നിന്ന് പറന്നുയർന്ന് മൂന്നാർ നഗരത്തിനു മുകളിൽ ചുറ്റിയടിച്ച് മാട്ടുപ്പെട്ടിയില്‍ തിരികെ ഇറങ്ങുന്ന ജോയ് റൈഡ്, എന്നിവയ്ക്കായിരുന്നു നിര്‍ദ്ദേശം.
അണക്കെട്ടുകള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സമീപം വൈദ്യുതി ബോർഡിന്റെ സ്ഥലം ലഭ്യമാണെങ്കിൽ അവിടെ ഹെലിപ്പാഡുകൾ നിർമിച്ച് ഹെലികോപ്റ്റർ സർവീസ് നടത്താനായിരുന്നു മറ്റൊരു പദ്ധതി. 75 മീറ്റര്‍ നീളത്തിൽ സ്ഥലം ഉണ്ടാകണം.കമ്പനികൾ തന്നെ ഹെലിപ്പാഡ് നിർമിക്കണം. താൽപര്യപത്രം സമർപ്പിക്കുന്ന കമ്പനികൾക്ക് കൂടുതൽ റൂട്ടുകൾ നിർദേശിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അന്ന് കെഎസ്ഇബി ചെയര്‍മാനായിരുന്ന ബി.അശോക് മുന്‍കൈയെടുത്താണ് പദ്ധതി അവതരിപ്പിച്ചത്.
ഫ്ളോട് പ്ലെയിന്‍ സര്‍വീസിന് നാലുകമ്പനികളും ഹെലികോപ്ടര്‍ സര്‍വീസിന് രണ്ടുകമ്പനികളും രംഗത്തുവരികയും ചെയ്തു. പരമാവധി യൂസർ ഫീ നൽകാൻ തയാറായ കമ്പനികളെ ലിസ്റ്റുചെയ്തുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പാണിത്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. പദ്ധതി നടപ്പായിരുന്നെങ്കില്‍ കെഎസ്ഇബിയ്ക്ക് അധികവരുമാനമാര്‍ഗം തുറന്നേനെ. വഗത്തിലെത്തിച്ചേരാവുന്ന ജില്ലകളായി രണ്ടുവര്‍ഷം മുമ്പേതന്നെ വയനാടും ഇടുക്കിയും മാറുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ കേന്ദ്രാവിഷ്കൃത ഉഡാന്‍ പദ്ധതിയനുസരിച്ച് മാട്ടുപ്പെട്ടി ഉള്‍പ്പടെ വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകള്‍ കേന്ദ്രീകരിച്ചുള്ള സീ പ്ലെയിന്‍ പദ്ധതിയില്‍ കെഎസ്ഇബിക്ക് യൂസര്‍ ഫീ നല്‍കുമോയെന്നതില്‍ വ്യക്തതയില്ല.