വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 388 കോടി രൂപ എസ്.ഡി.ആര്‍.എഫ് വഴി സംസ്ഥാനത്തിന് അനുവദിച്ചു. മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ കത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം ലഭ്യമാക്കണമെന്ന കേരളത്തിന്‍റെ ആവശ്യമാണ് കേന്ദ്രം പൂര്‍ണമായി തള്ളിയത്. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പ്രകൃതി ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദുരന്ത നിവാരണത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നതാണ് കേന്ദ്രത്തിന്‍റെ കടമ.
ഈ സാമ്പത്തിക വര്‍ഷം എസ്.ഡി.ആര്‍.എഫ്. വഴി 388 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. കേരളം ആവശ്യപ്പെടാതെ തന്നെ മന്ത്രിതല സമിതി ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. അതേസമയം സഹായം വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയാണ് വ്യക്തമാകുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രതികരിച്ചു.
കേരളം കൃത്യമായി കാര്യങ്ങള്‍ ചെയ്തെന്നും പ്രധാനമന്ത്രി വരെ ദുരന്തഭൂമി സന്ദര്‍ശിച്ചത് ദുരന്തത്തിന്‍റെ വ്യാപ്തി കാരണമാണെന്നും കെ.വി.തോമസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ വയനാടിന് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കില്ലെന്ന് ഉറപ്പായി.