ep-book

വോട്ടെടുപ്പ് ദിനത്തിൽ പ്രചരിച്ച ആത്മകഥാ വിവാദത്തിൽ ഇ.പി.ജയരാജനോട് സിപിഎം വിശദീകരണം തേടും. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി പങ്കെടുക്കും. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാവും ഇ.പി സെക്രട്ടേറിയറ്റിൽ പങ്കെടുക്കുക.

ep-jayarajan-book-cover-1

ആത്മകഥ വിവാദത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ യോഗം ഇ.പിയോട് ആവശ്യപ്പെടും. ആത്മകഥ ഡി സി ബുക്സിനെ ഏൽപ്പിച്ചിട്ടില്ലന്നാണ് ഇ.പി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ചില ഭാഗങ്ങൾ കൈമാറിയിട്ടുണ്ടെന്നും എന്നാൽ പ്രസിദ്ധീകരിക്കാൻ അന്തിമ അനുമതി നൽകുകയോ തീയതി തീരുമാനിക്കുകയോ ചെയ്തിട്ടില്ലന്നാണ് ചില സിപിഎം നേതാക്കളോട് പറഞ്ഞത്. എന്നാൽ എങ്ങിനെയാണ് ആത്മകഥ ചോർന്നത് എന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യത്തിൽ ഇ പിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ നടപടി തീരുമാനിക്കുക. അതേസമയം അന്വേഷണം ആവശ്യപെട്ട് ഇ പി ജയരാജൻ നൽകിയ പരാതിയിലെ തുടർ നടപടി ഇന്ന് ഡി ജി പി തീരുമാനിക്കും.

ആത്മകഥ വിവാദത്തിൽ പ്രസാധകരായ ഡി.സി ബുക്സിനെതിരായ നിലപാട് കടുപ്പിക്കാനാണ് ജയരാജന്‍റെ തീരുമാനം. തന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് പാർട്ടിയെ കൂടി ബോധ്യപ്പെടുത്താനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതും ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സിക്ക് വക്കീൽ നോട്ടീസ് അയച്ചതുമെന്നാണ് സൂചന . പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിൽ പാർട്ടിക്ക് അവമതിപ്പുണ്ടായ പശ്ചാത്തലത്തിൽ വീണ്ടുമുണ്ടായ തിരഞ്ഞെടുപ്പ് ദിവസത്തെ വിവാദം തനിക്ക് തിരിച്ചടിയാകുമെന്ന് ഇ.പി തിരിച്ചറിയുന്ന സാഹചര്യത്തിലാണ് പാർട്ടിയെ വിശ്വാസത്തിലെടുക്കാൻ നിയമവഴി ശക്തമാക്കുന്നത്. അതേസമയം, പൊലീസിന് കൊടുത്ത പരാതിയിൽ ഡി.സി ബുക്സിസിനെക്കുറിച്ച് പരാമർശമില്ലാത്തതും വക്കീൽ നോട്ടീസിൽ പേര് പറയുന്നതും സംശയത്തിനിടയാക്കുന്നുണ്ട്. പാലക്കാട്ടെ ഇടത് സ്ഥാനാര്ഥി പി സരിനെതിരെ ആത്മകഥയിൽ വിമർശനമുണ്ടായിരിക്കെ ജയരാജൻ ഇന്ന് പ്രചാരണത്തിന് പാലക്കാട് എത്തുന്നതും ശ്രദ്ധേയമാണ്.

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

CPM will seek an explanation from EP Jayarajan on the autobiography controversy