കണ്ണൂര്‍ കലക്ട്രേറ്റിലെ വിവാദ യാത്രയയപ്പ് ചടങ്ങിന് ഒരു മാസം തികയുന്ന അതേദിവസം പി പി ദിവ്യക്ക് പകരം പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കെ കെ രത്നകുമാരി ചുമതലയേറ്റു.. പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണ നേടിയാണ് രത്നകുമാരിയുടെ വിജയം. എന്നാല്‍ ജില്ലാ പഞ്ചായത്ത് അംഗമായി ഇപ്പോഴും തുടരുന്ന ദിവ്യ വോട്ട് ചെയ്യാനെത്തിയില്ല. അതിനിടെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ പഞ്ചായത്തില്‍ പ്രവേശിക്കുന്നത് കലക്ടര്‍ വിലക്കി.
എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ അവസാന പ്രവൃത്തി ദിനമായിരുന്നു കഴിഞ്ഞ മാസം ഇതേ ദിവസം. രാവിലെ ചായസല്‍ക്കാരം നടത്തിയ അദ്ദേഹത്തിന്‍റെ സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തിയത് വൈകിട്ട് യാത്രയയപ്പ് ചടങ്ങിലെ പി പി ദിവ്യയുടെ നാടകീയ കടന്നുവരവും അധിക്ഷേപിക്കലുമായിരുന്നു. പിന്നീട് പ്രസിഡന്റ് സ്ഥാനം തെറിച്ച ദിവ്യയുടെ ഒഴിവിലേക്ക് കൃത്യം ഒരു മാസം തികയുന്ന ഇതേദിവസം തിരഞ്ഞെടുപ്പ് നടന്നതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ മാധ്യമങ്ങളെ ഗേറ്റിന് മുമ്പില്‍ പൊലീസ് തടഞ്ഞത് വിവാദമായി. വരണാധികാരിയായ കലക്ടറുടെ നിര്‍ദേശമാണെന്നും മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ലെന്നും പൊലീസ്. തിരഞ്ഞെടുപ്പിനായി എത്തിയ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഇതേനിലപാട് ആവര്‍ത്തിച്ചു.
പോളിങ് കഴിഞ്ഞതോടെയാണ് വിലക്ക് മയപ്പെടുത്തി കലക്ടറുടെ അറിയിപ്പെത്തിയത്. ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. നവീന്‍ ബാബുവിന്‍റെ ആത്മഹത്യാകേസിലെ മുഖ്യസാക്ഷി കൂടിയാണ് വരണാധികാരിയായ കലക്ടര്‍.
ജില്ലാ പഞ്ചായത്തിലെ പതിനേഴ് എല്‍ഡിഎഫ് അംഗങ്ങളില്‍ പി പി ദിവ്യ ഒഴികെ പതിനാറുപേരും കെ കെ രത്നകുമാരിക്ക് വോട്ട് െചയ്തു. ഏഴ് യുഡിഎഫ് വോട്ടുകള്‍ എതിര്‍സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്കും.. ജാമ്യ വ്യവസ്ഥ കാരണമാണ് ദിവ്യ വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്ന് പുതിയ പ്രസിഡന്‍റ് രത്നകുമാരി പറഞ്ഞു
രത്നകുമാരിക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന അടിക്കുറിപ്പോടെ പി പി ദിവ്യ ഫെയ്സ്ബുക്കില്‍ രംഗത്തുവന്നു. താന്‍ പ്രസിഡന്റായി ഇരുന്നപ്പോള്‍ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് പറഞ്ഞ ദിവ്യ തന്‍റെ ഭരണനേട്ടങ്ങളും എടുത്തുകാട്ടി