കണ്ണൂര്‍ കലക്ട്രേറ്റിലെ വിവാദ യാത്രയയപ്പ് ചടങ്ങിന് ഇന്നേക്ക് ഒരുമാസം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി.ദിവ്യ, എഡിഎം നവീന്‍ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ നവീന്‍ ആത്മഹത്യ ചെയ്തതാണ് വിവാദത്തിലേക്ക് വഴിവെച്ചത്. സമ്മര്‍ദത്തിനൊടുവില്‍ പി.പി.ദിവ്യ ഒഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലേക്ക് ഒരു മാസം തികയുന്ന ഈ ദിവസം തന്നെ തിരഞ്ഞെടുപ്പ് നടക്കും.

ഒക്ടോബര്‍ പതിനാല്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെ നവീന്‍ ബാബു ഏറെ ആഗ്രഹിച്ച സ്ഥലംമാറ്റത്തിന് തൊട്ടുമുമ്പുള്ള യാത്രയയപ്പ് ചടങ്ങായിരുന്നു അന്ന്. അവസാന പ്രവൃത്തിദിവസം രാവിലെ സഹപ്രവര്‍ത്തകര്‍ക്ക് ചായ സല്‍ക്കാരം നടത്തിയ നവീന്‍ ബാബു എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. വൈകിട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ പരിപാടിയിലെ നാടകീയ സംഭവങ്ങളാണ് എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തിയത്. സ്റ്റാഫ് കൗണ്‍സില്‍ നടത്തിയ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് പി പി ദിവ്യ എത്തി നടത്തിയ പരാമര്‍ശങ്ങള്‍ മൂകനായി അദ്ദേഹം കേട്ടുനിന്നു,, മറുത്തൊന്നും പറയാതെ

നല്‍കിയ ഉപഹാരം പോലും എടുക്കാതെ പിന്നീട് ഓഫീസ് വിട്ട നവീന്‍ ബാബുവിന്‍റെ മരണവാര്‍ത്തയാണ് തൊട്ടടുത്ത ദിവസം രാവിലെ ലോകം കേട്ടത്. പിന്നാലെയുണ്ടായത് രാഷ്ട്രീയ കോളിളക്കവും സമരപരമ്പരകളും. ഒടുവില്‍ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് പദവിയില്‍ നിന്ന് സിപിഎം നീക്കം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന കെ കെ രത്നകുമാരിയെ പകരം പ്രസിഡന്റാക്കാന്‍ തീരുമാനിച്ചു.. പക്ഷേ, ഇതുവരെ പ്രസിഡന്റ് പദവിയിലേക്ക് രത്നകുമാരി ഔദ്യോഗിക രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 

എല്‍ഡിഎഫിന് പതിനേഴ് അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ഏഴ് മാത്രമാണ് അംഗബലം. അതിനാല്‍ രത്നകുമാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. വരാണാധികാരിയായി കേസിലെ പ്രധാന സാക്ഷിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പഞ്ചായത്ത് ഹാളിലെത്തും. ബാലറ്റ് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുത്ത് ജില്ലാ കലക്ടര്‍ തന്നെയാണ് സത്യപ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുക

ENGLISH SUMMARY:

It's been a month since the controversial send-off ceremony at the Kannur Collectorate