'നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വലിയ കുറ്റകൃത്യം ചെയ്തിരിക്കുന്നു. വിളിക്കുന്നത് സൈബര്‍ പൊലീസില്‍ നിന്നാണ്. നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു’. കോള്‍ സെന്ററില്‍ നിന്നാണെന്ന വ്യാജേന ദിവസവും ഒട്ടേറെ പേര്‍ക്കു വരുന്ന കോള്‍. വിളിക്കുന്നത് കള്ളനാണെന്ന് ചിന്തിക്കാനുള്ള അവസരം പോലും ഇത്തരക്കാര്‍ നല്‍കില്ല. ചിന്തകളെ കുരുക്കിടും. ആധാര്‍ കാര്‍ഡ് എവിടെയെല്ലാം കൊടുത്തിട്ടുണ്ടെന്ന് ആലോചിക്കുന്നതിനിടെ ‘വെര്‍ച്വല്‍ അറസ്റ്റിലാകും’. പരിഭ്രാന്തിയില്‍ കോമണ്‍സെന്‍സ് നഷ്ടപ്പെടും. അവര്‍ പറയുന്നതെല്ലാം ചെയ്യും. 

ഇത്തരമൊരു കോള്‍ കഴിഞ്ഞ ദിവസം വന്നത് തൃശൂര്‍ സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ എസ്.ഐ ടി.ഡി.ഫീസ്റ്റോയ്ക്കായിരുന്നു. വിളി വന്ന ഉടനെ ഫീസ്റ്റ് സംഭാഷണം നീട്ടിക്കൊണ്ടുപോയി. ഏകദേശം നാല്‍പത്തിയഞ്ചു മിനിറ്റു വരെ. ഈ സംസാരത്തിനിടെ ഫീസ്റ്റോയുടെ സഹപ്രവര്‍ത്തകര്‍ വിളിക്കുന്നയാളുടെ ജാതകം വരെയെടുത്തു. വെസ്റ്റ് ബംഗാളിലെ ജില്ല, വാര്‍ഡ്, കെട്ടിടത്തിന്റെ പേര് വരെ. ഭാര്യയുടേയും മക്കളുടേയും പേരുവിവരങ്ങള്‍ തുടങ്ങി സകലതും. 

നാല്‍പത്തിയഞ്ചു മിനിറ്റു നേരത്തെ സംസാരത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണിലെ വീഡിയോ ഓണ്‍ ചെയ്തു. ആ സമയത്ത് കള്ളന്റെ മുഖത്തെ അമളി ഒന്നുകാണേണ്ടതു തന്നെയാണ്. യഥാര്‍ഥ പൊലീസിനെയാണല്ലോ വിളിച്ച് സംസാരിച്ചതെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം. കള്ളന്‍ ഉരുകിയില്ലാതാകുന്നത് കൃത്യമായി കാണാം വീഡിയോയില്‍. കടുവക്കൂട്ടില്‍ തലയിട്ട പൂച്ചയുടെ അവസ്ഥയിലായി കള്ളന്‍.  ചമ്മി നാശായ തട്ടിപ്പുക്കാരന്‍ വേഗം സ്ഥലംവിട്ടു. 

ഈ വീഡിയോ സിറ്റി പൊലീസിന്‍റെ ഫെയ്സ്ബുക് പേജില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. വെര്‍ച്വല്‍ അറസ്റ്റില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശ്വാസംമുട്ടിയ ആള്‍ തൊട്ട് പണം നഷ്ടമായവര്‍ ഈ വരെ ലൈക്കടിച്ചവരുടെ കൂട്ടത്തിലുണ്ട്. ‘ഇന്ത്യന്‍ നിയമസംവിധാനത്തില്‍ വെര്‍ച്വല്‍ അറസ്റ്റ് എന്ന പരിപാടിയില്ല. നേരിട്ട് വന്ന് അറസ്റ്റ് ചെയ്യും’. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറയുന്നു.

ENGLISH SUMMARY:

North Indian man arrested for cyber fraud against Kerala Police