പാലക്കാട് കഞ്ചിക്കോട്ട് അച്ഛനും മകനും പന്നിക്കെണിയിൽ പെട്ട് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥിരമായി കെണി വച്ചു പന്നികളെ പിടിക്കുന്ന വേട്ട സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. അതിനിടെ കേസില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങി.
ഡിസംബർ എട്ടിന് നടക്കുന്ന മംഗളകർമത്തിന്റെ സന്തോഷത്തിലായിരുന്നു കിഴക്കേ അട്ടപ്പള്ളത്തെ മോഹനന്റെ വീട് ഇന്നലെ വൈകീട്ട് വരെ. മകളുടെ കല്യാണ ആവശ്യങ്ങൾക്കായുള്ള ഓട്ടം തീർത്ത് ആറുമണിയോടെയാണ് മോഹനൻ പാടത്തേക്ക് വെള്ളം തിരിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. മരണം വൈദ്യുത കെണിയായി പതിയിരിക്കുന്നത് അറിയാതെ കനാലിൽ ഇറങ്ങി. വൈകാതെ വൈദ്യുതി കെണിയിൽ തട്ടി ഷോക്കേറ്റ് വീണു. അച്ഛൻ വീണുകിടക്കുന്നത് അറിഞ്ഞ് ഓടിയെത്തി കനാലിൽ ഇറങ്ങിയ മകൻ അനിരുദ്ധും പിടഞ്ഞു വീണു.
പന്നി ശല്യം രൂക്ഷമായ ഇവിടെ കെണിവച്ചു പിടിക്കുന്ന സംഘങ്ങൾ ഏറെയുണ്ട്. വഴിയരികിൽ ഇരുട്ടും മുൻപ് കെണിവച്ചതാണ് അത്യാഹിതത്തിലേക്ക് നയിച്ചത്. ലൈനിൽ നിന്ന് നേരിട്ട് അലുമിനിയം കമ്പിയിലേക്ക് വൈദ്യുതി കടത്തി വിട്ടായിരുന്നു കെണി ഒരുക്കിയത്.പ്രദേശത്തെ സ്ഥിരം വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കെണിവച്ചവരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുവെന്നാണ് സൂചന.