ഇ.പി.ജയരാജന്‍റെ ആത്മകഥാ വിവാദത്തില്‍ കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണത്തിന് പൊലീസ് തീരുമാനം. ആത്മകഥയുടെ പൂര്‍ണരൂപം ചോര്‍ന്നത് കേന്ദ്രീകരിച്ച് കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. നാളെ ചേരുന്ന സംസ്ഥാന െസക്രട്ടേറിയറ്റ് യോഗത്തില്‍ വിവാദത്തേക്കുറിച്ച് ഇ.പി വിശദീകരിക്കും. എന്നാല്‍ വിശദീകരണം തേടില്ലെന്ന് എം.വി ഗോവിന്ദന്‍ പരസ്യമായി പ്രതികരിച്ചു.
കഥയും പാട്ടുമൊക്കെ മോഷ്ടിച്ചെന്ന ആരോപണങ്ങള്‍ പലതുണ്ടെങ്കിലും വ്യാജ ആത്മകഥ പ്രചരിപ്പിച്ചൂവെന്ന പരാതി പൊലീസ് ഫയലുകളില്‍ ആദ്യമായി ഇടംപിടിക്കുകയാണ്. എഴുതിതീര്‍ക്കാത്ത ആത്മകഥ പ്രചരിപ്പിച്ചതില്‍ ഗൂഡാലോചനയും വ്യാജരേഖാ ചമയ്ക്കലുമാണ് ഇ.പി പരാതിയില്‍ ആരോപിക്കുന്നത്. പക്ഷെ ഡി.സി ബുക്സ് ഉള്‍പ്പടെ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല.അതിനാലാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്. ആത്മകഥയുടെ ഏതാനും പേജുകള്‍ക്ക് അപ്പുറം 177 പേജും പുറത്തുവന്നതിലാണ് പൊലീസ് ദുരൂഹത കാണുന്നത്. അതിലെ ചിത്രങ്ങളും സംഭവങ്ങളും ഇ.പിയുടെ ജീവിതവുമായി ബന്ധപ്പെട്ടതുമാണ്. അതിനാല്‍ ഏറ്റവും ആദ്യം ഇ.പിയുടെ വിശദമൊഴിയെടുക്കും. മാധ്യമങ്ങളോട് സംസാരിച്ചതിനപ്പുറം പൊലീസിനോട് ഇ.പി വ്യക്തതവരുത്തുമോയെന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതേസമയം ഇ.പിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഉപതിരഞ്ഞെടുപ്പ് കാലത്ത് തലവേദന കൂട്ടെണ്ടെന്നാണ് സി.പി.എം തീരുമാനം.
പരസ്യമായി ഇങ്ങിനെ പറയുമ്പോളും ഇ.പിയുടെ നടപടിയും വിശദീകരണവും പാര്‍ട്ടിക്ക് ദഹിച്ചിട്ടില്ല. ഇ പി മാത്രമല്ല ആത്മകഥ തയാറാക്കിയ ദേശാഭിമാനി ലേഖനകനും സംശയനിഴലിലാണ്. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം 75 ദിവസമായി ഇ.പി എ.കെ.ജി സെന്ററിലേക്ക് വന്നിട്ടില്ല. ആത്മകഥ വിശദീകരിക്കാന്‍ നാെള വരുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.