വയനാട്ടിലെ തിരഞ്ഞെടുപ്പ് പോര് അവസാനിച്ചെങ്കിലും പോളിങ് ശതമാനത്തിലുണ്ടായ ഇടിവിൽ രാഷ്ട്രീയ വാക് പോര് തുടരുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയതോടെ ചർച്ച വീണ്ടും സജീവമായി. അതിനിടെ മേപ്പാടി മുണ്ടക്കൈ ബൂത്തിലുണ്ടായ കള്ളവോട്ട് പരാതിയിൽ അന്വേഷണവും തുടങ്ങി.
വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷം ഇത്ര കുറവ് വോട്ടിങ് ശതമാനം ആദ്യമായാണ്. 2024 ഏപ്രീലിൽ രേഖപ്പെടുത്തിയതിനേക്കാൾ 8.21 ശതമാനത്തിന്റെ കുറവ്. രാവിലെ മുതൽ പോളിങ് ബൂത്തിൽ അനുഭവപ്പെട്ട ശൂന്യത വൈകുന്നേരം വരേ തുടർന്നു. ഏഴു നിയമ സഭാ മണ്ഡലങ്ങളിലും 10-12 ശതമാനം വരേ പോളിങ്ങിൽ കുറവുണ്ടായി. പോളിങ്ങിലുണ്ടായ അപ്രതീക്ഷിത ഇടിവിൽ മൂന്നു മുന്നണികൾക്കും ആശങ്കയുണ്ട്. പോളിങ് പൂർത്തിയായതിനു പിന്നാലെ തന്നെ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കളും സ്ഥാനാർഥികളും രംഗത്തെത്തി.
പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരിൽ UDF മുന്നിൽ കണ്ടത് ഇങ്ങനൊരു പോളിങ് ആയിരുന്നില്ല. മുമ്പെങ്ങുമില്ലാത്ത വിധം പ്രചരണം നടത്തിയിട്ടും എന്ത് സംഭവിച്ചു എന്നതിൽ കോൺഗ്രസ് പ്രത്യേകം അന്വേഷണം നടത്തും. ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് ആശങ്ക.
എൽ. ഡി. എഫിനുള്ളിലെ ആസ്വാരസ്യവും ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും വോട്ടെടുപ്പിനെ ബാധിച്ചോ എന്ന കാര്യത്തിലും ചർച്ചയുണ്ടാകും. അതേ സമയം വാക്പോര് രൂക്ഷമായിരിക്കെ വോട്ട് പെട്ടി സ്ട്രോങ്ങ് റൂമിലെത്തി.പാൻ ഇന്ത്യൻ പോരിലെ വിജയിയെ അറിയാൻ ഇനി 10 നാൾ കൂടി കാത്തിരിക്കണം.