ഈ വര്‍ഷത്തെ ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് നാളെതുടക്കം. നാളെ വൈകുന്നേരം അഞ്ചരയ്ക്ക് നടതുറക്കും. എല്ലാ ഭക്തര്‍ക്കും സുഗമദര്‍ശനത്തിന് സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ദര്‍ശനത്തിനുള്ള ഈമാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി.
ശബരീശനെക്കാണാന്‍ രുദ്രക്ഷമണിഞ്ഞ് വ്രതംനോറ്റ് അയ്യപ്പന്‍മാരുടെ പ്രവാഹം നാളെതുടങ്ങുന്നു. കൊല്ലംവര്‍ഷം 1200മാണ്ടിലെ മണ്ഡലക്കാലത്തിന് നാളെ തുടക്കം. ഇനി നാല്‍പ്പത്തിയൊന്നുദിവസം അയ്യപ്പന്‍മാരുടെ പ്രയാണം . ശബരിമല നട നാളെ തുറക്കുമ്പോള്‍ ദര്‍ശനത്തിന് ഇനി സ്പോട് ബുക്കിങ് മാത്രമാണ് ശേഷിക്കുന്നത്. ഈമാസത്തെ വെര്‍ച്വല്‍ ക്യൂവില്‍ ഒഴിവില്ല. അതേസമയം പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്പോട് ബുക്കിങ് വഴി മലകയറാം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇക്കുറി പമ്പയില്‍ 1500 ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും.
ബുക്കിങ് ലഭിക്കാത്തവര്‍ കാത്തിരിക്കേണ്ടിവരും. നിലയ്ക്കലില്‍ മൂന്നിടങ്ങളിലായി 8000 പേര്‍ക്കും പമ്പയില്‍ ഏഴായിരംപേര്‍ക്കും വിരിവയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.